എന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും

Update: 2024-12-24 11:56 GMT

കൊച്ചി: എന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും. വിഷയത്തില്‍ മന്ത്രി ആര്‍ ബിന്ദു ഉത്തരവിറക്കി. ഇഷിതാ റോയ് ഐഎഎസിനാണ് അന്വേഷണത്തിന്റെ ചുമതല. തൃക്കാക്കര കെഎംഎം കോളജില്‍ നടന്ന എന്‍സിസി 21 കേരള ബറ്റാലിയന്‍ കാംപിലായിരുന്നു കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഇതിനേ തുടര്‍ന്ന് 75 കേഡറ്റുകളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മൂന്ന് ആശുപത്രികളിലായാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. കാംപിലെ പ്രശ്നങ്ങള്‍ അറിഞ്ഞ് അവിടെയെത്തിയ രക്ഷിതാക്കളെ കോളജില്‍ പ്രവേശിപ്പിക്കാതിരുന്നത് വാക്കുതര്‍ക്കത്തിനിടയാക്കുകയും . രക്ഷിതാക്കളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു.പ്രതിഷേധത്തെ തുടര്‍ന്ന് കാംപ് അവസാനിപ്പിച്ചു.

കുട്ടികള്‍ക്ക് നിര്‍ജലീകരണമാണ് സംഭവിച്ചതെന്ന് മാത്രമാണ് എന്‍സിസി 21 കേരള ബറ്റാലിയന്‍ പ്രതികരിച്ചത്. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിനുശേഷമാണ് കേഡറ്റുകള്‍ക്ക് അസ്വസ്ഥത തുടങ്ങിയതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. വൈകീട്ടോടെ ഒട്ടേറെ പേര്‍ ക്ഷീണിതരായി തളര്‍ന്നുവീണു. പൊലീസ് വാഹനങ്ങളിലും ആംബുലന്‍സുകളിലുമായാണ് ഇവരെ ആശുപത്രികളിലേക്ക് മാറ്റിയത്.

കൂടുതല്‍ പേര്‍ക്കും കഠിനമായ വയറുവേദനയാണ്. ചിലര്‍ക്കു ഛര്‍ദ്ദിയും വയറിളക്കവും അനുഭവപെട്ടു. രാത്രിയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 48 പേരെ പ്രവേശിപ്പിച്ചു. സണ്‍റൈസ് ആശുപത്രിയില്‍ 7 പേരും ബിആന്‍ഡ്ബി ആശുപതിയില്‍ 2 പേരുമുണ്ട്. ഞായറാഴ്ചയും ഏതാനും പേര്‍ക്ക് അസ്വസ്ഥതയുണ്ടായതായി കേഡറ്റുകള്‍ പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് ഊണിന് മീന്‍കറിയും മോരുമുണ്ടായിരുന്നു. ഇതു കഴിച്ചതിനുശേഷമാണ് അസുഖം ഉണ്ടായതെന്ന് പറയപ്പെടുന്നു. ഈ മാസം 20ന് തുടങ്ങിയ കാംപില്‍ 518 പേരാണ് ഉണ്ടായിരുന്നത്.

Tags:    

Similar News