ഭക്ഷ്യസുരക്ഷ; ഹെല്‍ത്ത് കാര്‍ഡിന് രണ്ടാഴ്ച കൂടി സാവകാശം

Update: 2023-01-31 14:56 GMT

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിനു രണ്ടാഴ്ച കൂടി സാവകാശം. ഈ മാസം 16വരെയാണു തിയ്യതി ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പ്പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് ബുധനാഴ്ച മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍, ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണു സാവകാശം അനുവദിച്ചിരിക്കുന്നത്.

16നു ശേഷവും ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അതേസമയം, ബുധനാഴ്ച മുതല്‍ സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ശക്തമായ പരിശോധന തുടരും. ഹെല്‍ത്ത് കാര്‍ഡില്ലാത്തവര്‍ക്കു ഈ മാസം 15നകം ഹെല്‍ത്ത് കാര്‍ഡ് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കും. ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പുറമേ ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും പരിശോധന നടത്തും.

Tags:    

Similar News