'നിര്‍ബന്ധിതമായി മതംമാറ്റുന്നു'; ക്രിസ്ത്യാനികളുടെ തലയറുക്കാന്‍ ആഹ്വാനം ചെയ്ത് ഛത്തിസ്ഗഢിലെ ഹിന്ദുത്വ നേതാവ്
ന്യൂഡല്‍ഹി: ഹിന്ദുക്കളെ നിര്‍ബന്ധിതമായി മതംമാറ്റാന്‍ ശ്രമിക്കുന്ന ക്രിസ്ത്യാനികളുടെ തലയറുക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്ത് ഹിന്ദുത്വ നേതാവ്. ഛത്തിസ്ഗഢില്‍ സുര്‍ഗുജ ജില്ലയില്‍ ഒക്ടോബര്‍ ഒന്നിന് നടന്ന ഒരു പ്രതിഷേധപരിപാടിയ്ക്കിടയിലാണ് ഹിന്ദുത്വ നേതാവ് സ്വാമി പരമാത്മാനന്ദിന്റെ ആക്രോശം. ക്രിസ്ത്യാനികള്‍ നിര്‍ബന്ധിതമായി ഹിന്ദുക്കളെ മതംമാറ്റുന്നുവെന്ന ആരോപണമുയര്‍ത്തിയാണ് സുര്‍ഗുജയില്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധയോഗം വിളിച്ചുചേര്‍ത്തത്. യോഗത്തില്‍ ബിജെപിയുടെ പ്രമുഖ നേതാക്കളും പങ്കെടുത്തു.
'ഞാന്‍ ഒരു സംന്യാസിയാണ്. ഞാനത് കാര്യമാക്കുന്നില്ല. ഞാന്‍ നിങ്ങളോട് വ്യക്തമായി പറയുന്നു, രാംവിചാര്‍ജിയും ഇതേ കാര്യം തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ അദ്ദേഹം പറഞ്ഞതില്‍ വ്യക്തതക്കുറവുണ്ട്. നാം വീട്ടില്‍ ഒരു ലാത്തി സൂക്ഷിക്കുക ... നമ്മുടെ ഗ്രാമങ്ങളില്‍ ആളുകള്‍ കൈ മഴു സൂക്ഷിക്കുന്നു. എന്തുകൊണ്ടാണ് അവര്‍ മഴു സൂക്ഷിക്കുന്നത്? എന്തുകൊണ്ടാണ് നിങ്ങള്‍ ഒരു ഫര്‍സ സൂക്ഷിക്കുന്നത്? മതപരിവര്‍ത്തനത്തിനായി വരുന്നവരെ ശിരഛേദം ചെയ്യുക. ഞാന്‍ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് ഇപ്പോള്‍ നിങ്ങള്‍ പറയും. എന്നാല്‍ ചിലപ്പോള്‍ തീ കത്തിക്കുന്നത് പ്രധാനമാണ്. ഞാന്‍ നിങ്ങളോട് പറയുന്നു; നിങ്ങളുടെ വീട്, തെരുവ്, അയല്‍പക്കത്ത്, ഗ്രാമത്തില്‍ ആരെങ്കിലും വന്നാല്‍ അവരോട് ക്ഷമിക്കരുത്'- അദ്ദേഹം പറഞ്ഞു.
മതംമാറ്റുന്നവര്‍ക്കു പുറമെ മതംമാറുന്നവരെ വെടിവച്ചുകൊല്ലാനും അദ്ദേഹം ആഹ്വാനം ചെയ്തു:
'ക്രിസ്ത്യാനികളായി മാറുന്നവരോട് ചിലത് പറയാന്‍ ആഗ്രഹമുണ്ട്, നിങ്ങള്‍ എന്തിനാണ് കിണറിനായി സമുദ്രത്തെ ഉപേക്ഷിക്കുന്നത്്? നിങ്ങള്‍ ആദ്യം അവരോട് മാന്യമായി സംസാരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിന് മൂന്ന് ഘട്ടമുണ്ട്; മതംമാറിപ്പോകുന്നവരെ തടയുക, പ്രതിഷേധിക്കുക. എന്നിട്ടും നന്നില്ലെങ്കില്‍ വെടിയുതിര്‍ക്കുക- അദ്ദേഹം പറഞ്ഞു.
ഛത്തിസ്ഗഢിലെ പ്രമുഖ നേതാക്കളായ രാംവിചാര്‍ നേതം, നന്ദ് കുമാര്‍ സായ്, ബിജെപി വക്താവ് അനുരാജ് സിങ് ദിയോ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആഹ്വാനം.
മുന്‍ എംപിയും ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍ മുന്‍ ചെയര്‍മാനുമായ നന്ദ് കുമാര്‍ സായ് ആ സമയം കയ്യടിക്കുകയും ചിരിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ ദൃശ്യമാണ്.
പിന്നീട് നേതാക്കള്‍ കുന്തവും അമ്പും വില്ലുമായി ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു.
പരമാനന്ദ് മുന്‍ സംസ്‌കൃത ബോര്‍ഡ് ചെയര്‍മാനും ഛത്തിസ്ഗഢിലെ പ്രമുഖ ഹിന്ദുത്വ നേതാവുമാണ്. ഇതിനു മുമ്പും അദ്ദേഹം ന്യൂനപക്ഷ വിരുദ്ധ പരാമര്‍ം നടത്തിയിട്ടുണ്ട്.
പശുക്കളെ കൊല്ലുന്നവരെ സ്ഫടിക ഉണ്ടകള്‍ ഉപയോഗിച്ച് കൊല്ലണമെന്ന് 2017ല്‍ പറഞ്ഞു.
അതിനിടയില്‍ ബിജെപിയുടെ ഭരണകാലത്താണ് കൂടുതല്‍ മതംമാറ്റങ്ങള്‍ ഉണ്ടൊയതെന്ന് ഛത്തിസ്ഗഢ് മുഖ്യമന്ത്രി ബാഗെല്‍ ആരോപിച്ചു.