സൗദി;വിദേശ ഉംറ തീര്‍ഥാടക സംഘങ്ങള്‍ എത്തിതുടങ്ങി

Update: 2021-08-14 18:35 GMT

റിയാദ്: കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച വിദേശ തീര്‍ത്ഥാടകരുടെ ഉംറ പുനരാംഭിച്ചതോടെ തീര്‍ഥാടക സംഘങ്ങള്‍ എത്തിതുടങ്ങി. വിദേശത്തു നിന്ന് എത്തിയ ആദ്യ ഉംറ സംഘത്തിന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം. കൊവിഡ് രണ്ടാം തരംഗത്തില്‍ വിദേശ ഉംറ സംഘത്തിന് വിസ നല്‍കുന്നത് നിര്‍ത്തിവെച്ചിരുന്നു.


അഞ്ചു മാസത്തിന് ശേഷം ഇപ്പോള്‍ വിലക്ക് നീക്കുകയും വിദേശികള്‍ക്ക് ഉംറ വിസകള്‍ അനുവദിക്കുന്നത് കഴിഞ്ഞ ആഴ്ച്ച തുടങ്ങുകയും ചെയ്തു. അതിന് ശേഷമുള്ള ആദ്യ ഉംറ സംഘം ഇന്നലെ നൈജീരിയയില്‍ നിന്നാണ് എത്തിയത്. ദേശീയ ഹജ്, ഉംറ കമ്മിറ്റി അംഗങ്ങളും ജിദ്ദയിലെ നൈജീരിയന്‍ കോണ്‍സലും ചേര്‍ന്ന് തീര്‍ത്ഥാടകരെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. പൂച്ചെണ്ടുകളും ഉപഹാരങ്ങളും നല്‍കിയാണ് തീര്‍ത്ഥാടകരെ സ്വീകരിച്ചതെന്ന് ദേശീയ ഹജ്, ഉംറ കമ്മിറ്റി അംഗം ഹാനി അല്‍ഉമൈരി പറഞ്ഞു. ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് തീര്‍ത്ഥാടകര്‍ ബസില്‍ മദീനയിലേക്ക് തിരിച്ചു.


ഇന്ത്യ ഉള്‍പ്പടെ എതാനും രാജ്യങ്ങളില്‍ നിന്ന് ഉംറ തീര്‍ത്ഥാടകരുടെ വിലക്ക് തുടരുകയാണ്. കൊവിഡ് വ്യാപനം കുറയാത്തതിനാല്‍ ഈ രാജ്യങ്ങളുമായുള്ള യാത്രാവിലക്ക് സൗദി നീക്കിയിട്ടില്ല.




Tags:    

Similar News