നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ലോക്‌നാഥ് ബഹ്‌റയുടെ ഇടപെടല്‍; സമഗ്രാന്വേഷണം വേണമെന്ന് തുളസീധരന്‍ പള്ളിക്കല്‍
തട്ടിപ്പുകാര്‍ക്കും ക്രിമിനലുകള്‍ക്കും സുരക്ഷയൊരുക്കുന്ന ഉത്തരവാദിത്വം പോലിസ് തലപ്പത്തിരിക്കുന്നവര്‍ തന്നെ ഏറ്റെടുത്തിരിക്കുന്നത് ഇടതു സര്‍ക്കാരിന്റെയും വിശിഷ്യ ആഭ്യന്തരം നിയന്ത്രിക്കുന്ന പിണറായി വിജയന്റെയും പരാജയം കൂടിയാണ്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി ദിലീപിനെ രക്ഷിക്കുന്നതിന് കേസ് അട്ടിമറിക്കാന്‍ അന്നത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ശ്രമിച്ചെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്നും ഇതു സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍.
ഇരകള്‍ക്ക് നീതിയും സുരക്ഷയും ഉറപ്പാക്കേണ്ട നിയമപാലകര്‍ തന്നെ ഇത്തരത്തില്‍ പ്രതികളെ സംരക്ഷിക്കാന്‍ ഇടപെടുന്നത് ഗൗരവതരമാണ്. ക്രൈംബ്രാഞ്ച് ഐജി ഇടനിലക്കാരനായി നിരവധി തവണ ദിലീപുമായി സംസാരിച്ചതിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേസന്വേഷണത്തിനിടെ 20 ഓളം സാക്ഷികളാണ് കൂറുമാറിയത്. സെലിബ്രിറ്റിയായ ഒരു ചലച്ചിത്ര നടിക്ക് നീതി നിഷേധിക്കുന്നതില്‍ ഇത്രയധികം ഇടപെടലുണ്ടാവുമ്പോള്‍ സാധാരണക്കാരുടെ കാര്യം എത്ര പരിതാപകരമായിരിക്കും.
പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന് കോടികളുടെ തട്ടിപ്പുനടത്തുന്നതിന് അവസരമൊരുക്കിയതിലും ബെഹ്‌റയുള്‍പ്പെടെയുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച ആക്ഷേപം നിലനില്‍ക്കുകയാണ്. വേലി തന്നെ വിള തിന്നുന്ന അവസ്ഥയാണ് നീതിനിര്‍വഹണരംഗത്ത് നടക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ് വ്യക്തമാവുന്നത്. തട്ടിപ്പുകാര്‍ക്കും ക്രിമിനലുകള്‍ക്കും സുരക്ഷയൊരുക്കുന്ന ഉത്തരവാദിത്വം പോലിസ് തലപ്പത്തിരിക്കുന്നവര്‍ തന്നെ ഏറ്റെടുത്തിരിക്കുന്നത് ഇടതു സര്‍ക്കാരിന്റെയും വിശിഷ്യ ആഭ്യന്തരം നിയന്ത്രിക്കുന്ന പിണറായി വിജയന്റെയും പരാജയം കൂടിയാണെന്നും തുളസീധരന്‍ പള്ളിക്കല്‍ കുറ്റപ്പെടുത്തി.