അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു
കാലിഫോർണിയ : സാൻ ഫ്രാൻസിസ്‌കോ ബേ ഏറിയക്കടുത്ത് പ്ലസന്റണിൽ നാലംഗ മലയാളി കുടുംബം ഇലക്ട്രിക് കാർ അപകടത്തിൽ മരിച്ചു. പത്തനംതിട്ട കൊടുമൺ ചെറുകര സ്വദേശി ടെക്ക് കമ്പനി ഉദ്യോഗസ്ഥനായ തരുൺ ജോർജ്, ഭാര്യ റിൻസി, രണ്ടു മക്കൾ എന്നിവരാണ് മരിച്ചത്. ചെന്നൈ അണ്ണാനഗർ ഈസ്റ്റിൽ താമസിക്കുന്ന ജോർജ് സി ജോർജ് (ജോർജി) -അനിത ദമ്പതികളുടെ മകനാണ് തരുൺ ജോർജ്.ഇവരുടെകുടുംബം വർഷങ്ങളായി ചെന്നൈയിലാണ്. ചെന്നൈ അണ്ണാ നഗർ മാർത്തോമാ ഇടവക അംഗങ്ങളാണ്. പിതാവ് ജോർജ് സി ജോൺ പത്തനംതിട്ട കൊടുമൺ സ്വദേശിയാണ്.
സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള റോഡിൽ ഏപ്രിൽ 24 ബുധനാഴ്ച രാത്രി 9.30നാണ്അ പകടം. റോഡരികിലെ ഓക്ക് മരത്തിൽ കാർ ഇടിച്ചു കത്തുകയായിരുന്നു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞു. അപകടത്തിന് പിന്നാലെ തീ പിടിച്ച ഇലക്ട്രിക് കാർ പൂർണമായും കത്തി നശിച്ചു. കുട്ടികൾ പ്ലസൻ്റൺ യൂനിഫൈഡ് സ്കൂളിലെ മിഡിൽ, എലിമെൻ്ററി വിദ്യാർഥികളാണ്.
കാർ മരത്തിൽ ഇടിക്കുന്നതിന് മുമ്പ് ഒരു പോളിൽ ഇടിക്കുകയും തീപിടിക്കുകയും ചെയ്തതായി വീഡിയോയിൽ കാണുന്നതായി ക്രോൺ 4 റിപ്പോർട്ട് ചെയ്തു. റ്റാനിയയാണ് തരുൺ ജോർജിൻ്റെ സഹോദരി.