ദിലീപിനെ മര്‍ദ്ദിച്ച എസ്പി സുദര്‍ശന്റെ കൈവെട്ടും, ഐജി എവി ജോര്‍ജിനെ വധിക്കും; എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്
ദിലീപിനെക്കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ്, അനൂപിന്റെ ഭാര്യാ സഹോദരന്‍ അപ്പു, ദിലീപിന്റെ സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരും കണ്ടാലറിയാവുന്ന മറ്റൊരാളെയും പ്രതി ചേര്‍ത്തിട്ടുണ്ട്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ എടുത്ത പുതിയ കേസിന്റെ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. ദിലീപ് ഉള്‍പ്പെടെ ആറ് പ്രതികളാണ് കേസിലുള്ളത്. ആറാം പ്രതിയുടെ പേര് എഫ്‌ഐആറില്‍ ഇല്ല. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുമെന്ന് പ്രതികള്‍ ഗൂഡാലോചന നടത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് പരാതിക്കാരന്‍. ഐജി എ വി ജോര്‍ജിന്റെ ദൃശ്യങ്ങള്‍ യു ട്യൂബില്‍ കണ്ട ദിലീപ് വധഭീഷണി മുഴക്കിയെന്നും തന്റെ ദേഹത്ത് കൈ വച്ച എസ് പി സുദര്‍ശന്റെ കൈ വെട്ടുമെന്ന് ദിലീപ് പറഞ്ഞതായും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബി സന്ധ്യ, സോജന്‍, സുദര്‍ശന്‍, ബൈജു പൗലോസ്, എ വി ജോര്‍ജ് എന്നിവര്‍ക്കെതിരെ പ്രതികള്‍ ഗൂഡാലോചന നടത്തിയെന്നും എഫ്‌ഐആര്‍ പറയുന്നു.
വധഭീഷണി മുഴക്കല്‍, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂനിറ്റ് പുതിയ കേസെടുത്തിരിക്കുന്നത്. നടന്‍ ദിലിപിനെക്കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ്, അനൂപിന്റെ ഭാര്യാ സഹോദരന്‍ അപ്പു, ദിലീപിന്റെ സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരും പ്രതികളാണ്. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന മറ്റൊരാളെയും പ്രതി ചേര്‍ത്തിട്ടുണ്ട്. അന്വേഷണ മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന എഡിജിപി സന്ധ്യ, ഐജി എ വി ജോര്‍ജ് അന്വേഷണസംഘത്തെ നയിച്ച എസ് പിമാരായ സോജന്‍, സുദര്‍ശന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നത് സംബന്ധിച്ച് തന്റെ സാന്നിധ്യത്തില്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയെന്നാണ് ബാലചന്ദ്രുകുമാറിന്റെ മൊഴി. ഇത് സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകളും കൈമാറിയിട്ടുണ്ട്. ഈ മൊഴിയുടെയും ഓഡിയോ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാന്‍ തടസമില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
നിലവിലെ സാഹചര്യത്തില്‍ അന്വേഷണ സംഘത്തിന് ആവശ്യമെങ്കില്‍ ദിലീപിനെ കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ നിയമതടസമില്ല. ഗൂഡാലോചനക്കുറ്റം പ്രാഥമികമായി ബോധ്യപ്പെട്ടാല്‍ അറസ്റ്റും രേഖപ്പെടുത്താം. വരുന്ന 12 നാണ് വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. ഇതുകൂടി കിട്ടിയശേഷം ദിലീപിനെ വിളിച്ചുവരുത്താനായിരുന്നു കഴിഞ്ഞ ദിവസത്തെ അന്വേഷണ സംഘത്തിന്റെ യോഗത്തിലെ ധാരണ. എന്നാല്‍ മുന്‍കൂര്‍ ജാമ്യം തേടിയോ എഫ്‌ഐആര്‍ തന്നെ ചോദ്യം ചെയ്‌തോ കോടതിയെ സമീപിക്കാന്‍ ദിലീപിന് നിയമതടസമില്ല.