പോലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ കിണറ്റില്‍ വീണു മരിച്ചതായി കണ്ടെത്തി
മരിച്ച സല്‍മാന്‍ ഫാരിസും ലോറി ഡ്രൈവറും പൊലീസ് വാഹനം കണ്ട് ഇറങ്ങി ഓടുന്നതും പൊലീസ് ഇവരെ പിന്തുടരുന്നതും സമീപത്തെ വീട്ടിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
മലപ്പുറം: പോലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ കിണറ്റില്‍ വീണ് മരിച്ചതായി കണ്ടെത്തി. പട്ടര്‍നടക്കാവ് സ്വദേശി വെളുത്തേടത്ത് പറമ്പില്‍ സല്‍മാന്‍ ഫാരിസിന്റെ മൃതദേഹമാണ് കന്മനം കണ്ടമ്പാറയിലെ കിണറ്റില്‍ കാണപ്പെട്ടത്. ലോറിത്തൊഴിലാളിയാണ്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ തിരുന്നാവായയില്‍ നിന്നും മണല്‍ കയറ്റിവന്ന ലോറിയെ രണ്ട് വാഹനങ്ങളിലായി പിന്തുടര്‍ന്ന കല്‍പ്പകഞ്ചേരി പൊലീസ് കണ്ടമ്പാറയില്‍ തടഞ്ഞിരുന്നു. അതോടെ വാഹനത്തിലുണ്ടായിരുന്ന സല്‍മാന്‍ ഫാരിസും മറ്റൊരു യുവാവും പൊലീസിനെ കണ്ട് ഭയന്ന് ഇറങ്ങി ഓടുകയായിരുന്നു. പിന്നീടാണ് സല്‍മാന്‍ ഫാരിസിന്റെ മൃതദേഹം ഇതിനടുത്തുള്ള കിണറ്റില്‍ കാണപ്പെട്ടത്.
മരിച്ച സല്‍മാന്‍ ഫാരിസും ലോറി ഡ്രൈവറും പൊലീസ് വാഹനം കണ്ട് ഇറങ്ങി ഓടുന്നതും പൊലീസ് ഇവരെ പിന്തുടരുന്നതും സമീപത്തെ വീട്ടിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പോലീസ് പിറകെ കൂടിയപ്പോള്‍ രക്ഷപ്പെടാന്‍ ഓടുന്നതിനിടയിലാണ് സല്‍മാന്‍ ഫാരിസ് കിണറ്റില്‍ വീണ് മരിച്ചത് എന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. സംഭവത്തില്‍ കല്‍പകഞ്ചേരി പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ച്ചയാണ് സംഭവിച്ചതെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു. പൊലീസിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടെങ്കില്‍ നടപടിയെടുക്കാമെന്ന ഡിവൈഎസ്പിയുടെ ഉറപ്പിനെ തുടര്‍ന്നാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടു പോയത്. വളാഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്