'ഗാല ഫിയസ്റ്റ 2022': ജുബൈല്‍ വിമന്‍സ് ഫ്രറ്റേര്‍ണിറ്റി ഫോറം കുടുംബസംഗമം സംഘടിപ്പിച്ചു

Update: 2022-02-14 12:45 GMT

ജുബൈല്‍; വിമന്‍സ് ഫ്രറ്റേര്‍ണിറ്റി ഫോറം ജുബൈല്‍ ചാപ്റ്ററിനു കീഴില്‍ 'ഗാല ഫിയസ്റ്റ 2022' എന്ന പേരില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. കുടുംബ സംഗമത്തിന്റെ ഭാഗമായി കുട്ടികളുടെയും സ്ത്രീകളുടെയും കലാ കായിക പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നിരവധി മത്സരങ്ങള്‍ നടന്നു.

വിമന്‍സ് ഫ്രറ്റേര്‍ണിറ്റി ഫോറം ജുബൈല്‍ ചാപ്റ്റര്‍ പ്രസിഡന്റ് നൗഹ അജീബ് അധ്യക്ഷത വഹിച്ചു. രാജ്യത്തെ ഭരണഘടന പൗരന് നല്‍കുന്ന മൗലികാവകാശമാണ് ഇഷ്ടപ്പെട്ട ഭക്ഷണം, വസ്ത്രം എന്നിവയെന്നും ഇത് നിഷേധിക്കുന്നത് ഭരണഘടനയുടെ ലംഘനമാണെന്നും അധ്യക്ഷ പ്രസംഗത്തില്‍ നൗഹ അജീബ് പറഞ്ഞു. 'ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് നാട്ടില്‍ നിലവിലുള്ള അനിശ്ചിതത്വം മുസ് ലിം സ്ത്രീകളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നീതിയുക്തമായ വിധിയാണ് കോടതികളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. നീതി ലഭിക്കുംവരെ മതമൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചു ജീവിക്കാന്‍ വേണ്ടിയുള്ള ബീവി മുസ്‌ക്കാനെ പോലുള്ളവരുടെ സമരത്തിന് വിമന്‍സ് ഫ്രറ്റേര്‍ണിറ്റി ഫോറം പരിപൂര്‍ണ പിന്തുണ നല്‍കുമെന്നും നമ്മുടെ കുട്ടികള്‍ക്ക് സമാധാനപൂര്‍വ്വം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവരുടെ വിശ്വാസം നിലനിര്‍ത്തിത്തന്നെ പഠനം നടത്താന്‍ സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടുംബ സംഗമത്തിന്റെ സമാപന സമ്മേളനം ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം റീജ്യണല്‍ സെക്രട്ടറി അബ്ദു സലാം മാസ്റ്റര്‍ നിര്‍വഹിച്ചു. പ്രവാസ ജീവിതത്തില്‍ സാമ്പത്തിക അഭിവൃദ്ധിയും സന്തോഷകരമായ ജീവിതവും ഉണ്ടാക്കാന്‍ കഷ്ടപ്പെടുന്ന തിരക്കിനിടയില്‍ രാജ്യത്തിന്റെ സങ്കീര്‍ണമായ സ്ഥിതിവിശേഷം ഗൗരവപൂര്‍വ്വം പരിഗണിക്കുകയും ഒരു പൗരനെന്ന നിലയ്ക്ക് ഉത്തരവാദിത്വം നിറവേറ്റണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളും ഭരണഘടന നല്‍കുന്ന പൗരന്റെ മൗലികാവകാശങ്ങളും സംഘപരിവാര്‍ ശക്തികളാല്‍ കയ്യേറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാല ഇന്ത്യയില്‍ കോടതികള്‍ പോലും തീവ്ര ഹിന്ദുത്വ വലതുപക്ഷ രാഷ്ട്രീയത്തിന് കീഴ്‌പ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ഇത് ഗൗരവപൂര്‍വ്വം ചിന്തിക്കുകയും വിലയിരുത്തുകയും സാധ്യമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടണമെന്നും അദ്ദേഹം പറഞ്ഞു. 

അറബിക് കലിഗ്രാഫി മത്സരത്തില്‍ റമീസ നൗറീസ് ഒന്നാം സ്ഥാനം നേടി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ഫര്‍ഹാന യൂനുസ്, ഹസനത്ത് ലുഖ്മാന്‍ എന്നിവര്‍ക്കാണ്. പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രറ്റേണിറ്റി ഫോറം ജുബൈല്‍ ചാപ്റ്ററിന്റെ നേതാക്കള്‍ ഉപഹാരം നല്‍കി ആദരിച്ചു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജില്ലാ സ്‌റ്റേറ്റ് ഭാരവാഹികള്‍ പരിപാടിയില്‍ ആശംസകള്‍ അര്‍പ്പിച്ചു. ഖോബാര്‍ ചാപ്റ്റര്‍ സെക്രട്ടറി എമീന സജീര്‍ സ്വാഗതം പറഞ്ഞു. വിമന്‍സ് ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം അംഗം ആഷ്‌ന സയീദ് നന്ദി പറഞ്ഞു.

Similar News