ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ്: പരിശോധനാ നടപടികള്‍ ശക്തമാക്കുമെന്ന് നാഷണല്‍ ടാസ്‌ക് ഫോഴ്‌സ്
ന്യൂഡല്‍ഹി: ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് ബാധ ആഗോളതലത്തില്‍ വ്യാപകമായിത്തുടങ്ങിയ സാഹചര്യത്തില്‍ രാജ്യത്തെ കൊവിഡ് പ്രതിരോധനടപടികള്‍ പുതുക്കി നിശ്ചയിക്കുമെന്ന് നാഷണല്‍ ടാസ്‌ക് ഫോഴ്‌സ്. ന്യൂഡല്‍ഹിയില്‍ ശനിയാഴ്ച ചേര്‍ന്ന ടാസ്‌ക് ഫോഴ്‌സ് യോഗത്തിലാണ് പുതിയ വൈറസുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ ചര്‍ച്ചചെയ്തത്.
ബ്രട്ടനില്‍ നിന്നെത്തിയ 50പേരുടെ സാംപിളുകള്‍ രാജ്യത്തെ 6 ലാബുകളിലായി പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വിദേശത്തുനിന്നെത്തിയവരുടെ കണക്ക് സൂക്ഷിക്കാന്‍ ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. വിവിധ പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച സാംപിളുകളില്‍ ജിനോമിക് സര്‍വയലന്‍സ് പരിശോധന നടത്തുന്ന കാര്യത്തില്‍ കമ്മിറ്റിയില്‍ സമവായമായി. ഈ പരിശോധന വഴി വൈറസിന്റെ വിവിധ വകഭേദങ്ങള്‍ കണ്ടെത്താനാവുമെന്ന് ടാസ്‌ക് ഫോഴ്‌സ് കരുതുന്നു. ബ്രിട്ടനില്‍ നിന്നെത്തിയവര്‍ക്കു പുറമെ ശേഖരിക്കുന്ന ആകെ സാംപിളിന്റെ 5 ശതമാനം പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കണെമെന്ന് വിവിധ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്.
പുതിയ സാഹചര്യം പരിഗണിച്ച് ഐഎന്‍എസ്എസിഓജി എന്നപേരില്‍ ഒരു ജിനോമിക് സര്‍വയലന്‍സ് കണ്‍സോര്‍ഷ്യം രൂപീകരിച്ചു. ജിനോമിക് പരിശോധന വ്യാപകമാക്കുക വഴി കൊവിഡിന്റെ വിവിധ വകഭേദഗങ്ങള്‍ കണ്ടെത്താനാവും. ആര്‍എന്‍എ വൈറസ്, സാര്‍സ് കൊവ്-2 വൈറസ് എന്നിവ നിരന്തരം ജനിതമാറ്റത്തിന് വിധേയമാകുമെന്ന കാര്യം അറിഞ്ഞിരിക്കണമെന്ന് കമ്മറ്റിയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. സാമൂഹിക അകലം, ആരോഗ്യസുരക്ഷ, മാസ്‌ക് തുടങ്ങിയവ വഴിയും വൈറസ് വ്യാപനം തടയാം.
നിതി ആയോഗ് അംഗം ഡോ. വി കെ പോള്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) അംഗങ്ങളും ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ പങ്കെടുത്തു.