പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തരുതെന്ന് സമസ്ത

വിഷയത്തില്‍ വിവിധ രാഷ്ട്രീയ, മത , സാമൂഹിക സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കും.

Update: 2020-10-24 18:29 GMT

മലപ്പുറം: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ഇത് അംഗീകരിക്കാന്‍ കഴിയില്ല. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആകുന്നത് സാംസ്‌കാരിക മൂല്യച്യുതിക്ക് കാരണമാകുമെന്നും സമസ്ത വിലയിരുത്തി. ഏകോപനസമിതി അംഗങ്ങളും നിയമജ്ഞരും പങ്കെടുത്ത സംയുക്ത യോഗത്തിന് ശേഷമാാണ് സമസ്ത നിലപാട് വ്യക്തമാക്കിയത്.

ഇതുമായി ബന്ധപെട്ട് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കും. വിഷയത്തില്‍ വിവിധ രാഷ്ട്രീയ, മത, സാമൂഹിക സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കും. പെണ്‍കുട്ടികളുടെ ശാരീരിക മാനസിക ആവശ്യങ്ങളുടെ നിരാകരണവും മൗലികാവകാശങ്ങളുടെ ലംഘനവും കൂടിയാകും പുതിയ തീരുമാനം എന്നാണ് സമസ്ത അഭിപ്രായപ്പെട്ടത്. വികസിത രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടെ ലോകത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളിലും പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 മുതല്‍ 18 വരെയാണ് എന്നിരിക്കെ ഇന്ത്യയില്‍ വിവാഹപ്രായത്തില്‍ മാറ്റം വരുത്തുന്നത് അശാസ്ത്രീയമാണെന്നും യോഗം വിലയിരുത്തി.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ അധ്യക്ഷനായിരുന്നു. ആലിക്കുട്ടി മുസ്ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ ഉമ്മര്‍ ഫൈസി, ഡോ ബഹാവുദ്ധീന്‍ മുഹമ്മദ് നദ്‌വി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News