കൊറോണ: ആറുമാസം പൂര്‍ത്തിയായ ഗര്‍ഭിണികളെ തിരിച്ചുകൊണ്ടുവരുന്നതിന് മുന്‍ഗണന നല്‍കണമെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: കൊറോണ വൈറസ് മൂലം വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ആറു മാസം പൂര്‍ത്തിയായ ഗര്‍ഭിണികളെ അടിയന്തരമായി തിരിച്ചുകൊണ്ടുവരുന്നതിന് മുന്‍ഗണന നല്‍കണമെന്ന് സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
സൗദി അറേബിയയില്‍ ജോലി ചെയ്യുന്ന മലയാളി യുവതികളായ ഒരു ഡോക്ടറും പതിനേഴ് നഴ്‌സുമാരും അടങ്ങുന്ന ഗര്‍ഭിണികള്‍ തങ്ങളെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേനെ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതി ഇത് വ്യക്തമാക്കിയത്.
വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലേക്കു കൊണ്ടുവരുന്നതിനായി തയ്യാറാക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജര്‍ (Standard Operating Procedure (SOP)) അനുസരിച്ചു ഗര്‍ഭിണികള്‍ക്ക് മുന്‍ഗണയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
ഇത് രേഖപ്പെടുത്തിയ കോടതി ആറു മാസം പൂര്‍ത്തിയായ ഗര്‍ഭിണികള്‍ക്ക് മുന്‍ഗണ നല്‍കികൊണ്ട് വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ അടിയന്തരമായി നാട്ടില്‍ തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഹരജിക്കാര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷക ഇന്ദിര ജയ്‌സിംഗ്, പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം എന്നിവര്‍ ഹാജരായി.
വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഗര്‍ഭിണികളില്‍ ഭൂരിഭാഗവും പ്രസവത്തിനും ബദ്ധപ്പെട്ട ചികില്‍സയ്ക്കും വേണ്ടി മുന്‍പേ തന്നെ ജോലി രാജി വച്ചും ലീവ് എടുത്തും നാട്ടിലേക്ക് വരുന്നതിനായി മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളില്‍ ടിക്കറ്റ് എടുത്തിരുന്നു. പക്ഷേ, കൊവിഡ്19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയുള്‍പ്പടെ രാജ്യങ്ങള്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനാലാണ് ഇവര്‍ക്ക് വിദേശത്ത് തുടരേണ്ടിവന്നത്.
ഈ സാഹചര്യത്തിലാണ് തങ്ങളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സൗദി അറേബ്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്ലീസ് ഇന്ത്യ ചെയര്‍മാന്‍ ലത്തീഫ് തെച്ചി മുഖേനെ പ്രവാസി ലീഗല്‍ സെല്ലിനെ സമീപിക്കുകയും സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയും ചെയ്തത്.
കൊവിഡ്19 പ്രതിരോധത്തിനായി സൗദിയിലുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റിയതിനാല്‍ ആവശ്യമായ ചികില്‍സ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ളതായും നിലവില്‍ ജോലിയോ കുടുംബാംഗളുടെ സാമീപ്യമോ ഇല്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനുള്ള സാമ്പത്തിക സ്ഥിതിയല്ലെന്നും ഹരജിയില്‍ പറയുന്നു.