ലോക്ക് ഡൗണ്‍ കാലത്ത് ലോകമാസകലം ഗാര്‍ഹികപീഡനത്തില്‍ വര്‍ധനവുണ്ടായെന്ന് യുഎന്‍ മേധാവി
പല രാജ്യങ്ങളിലും സഹായത്തിനു വേണ്ടി അധികാരികളെ വിളിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഇരട്ടിയിലധികം വര്‍ധനവുണ്ടായി
ജനീവ: കൊറോണ വൈറസ് ബാധ തീവ്രമായി ലോകമാസകലം ലോക്ക് ഡൗണിലേക്ക് മാറിയപ്പോള്‍ അതിന്റെ ദുരന്തഫലം കൂടുതല്‍ അനുഭവിക്കേണ്ടിവന്നത് ലോകത്തുള്ള സ്ത്രീകളാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയൊ ഗുട്ടെര്‍സ്. ഈ വിഷയത്തില്‍ ലോകരാജ്യങ്ങളുടെ പ്രത്യേക ശ്രദ്ധയുണ്ടാവണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഗാര്‍ഹികപീഡനം അതിഭീമമായ തോതില്‍ വളര്‍ന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
''ഗാര്‍ഹിക പീഡനം ഇല്ലാതാക്കാന്നതിലും അതിന് പ്രതിവിധി തേടുന്നതിലും ലോക രാഷ്ട്രങ്ങള്‍ ശ്രദ്ധ കൊടുക്കണം. അത് കൊവിഡ് 19 പ്രതികരണത്തിന്റെ ഭാഗമാക്കി മാറ്റുകയും വേണം'' അദ്ദേഹം പറഞ്ഞു.
ലോക്ക് ഡൗണ്‍ നിബന്ധനകള്‍ വന്നതുമുതല്‍ എങ്ങനെയാണ് അത് ഗാര്‍ഹിക പീഡനം വര്‍ധിപ്പിച്ചതെന്നതിന്റെ വിശദവിവരങ്ങള്‍ അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഉള്‍പ്പെടുയിരുന്നു. ''ലോക്ക് ഡൗണും നിരീക്ഷണവും കൊവിഡ് 19നെ പ്രതിരോധിക്കാന്‍ അത്യന്താപേക്ഷിതമാണ്. അത് അതേസമയം കുഴപ്പക്കാരനായ പുരുഷന് തന്റെ ജീവിതപങ്കാളിയായ സ്ത്രീയെ ട്രാപ്പിലാക്കാനും കാരണമാവുന്നു. കഴിഞ്ഞ ഒരാഴ്ചയായി സാമ്പത്തിക മേഖല സമ്മര്‍ദ്ദത്തിലായതോടെ ഗാര്‍ഹികപീഡനത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. പല രാജ്യങ്ങളിലും സഹായത്തിനു വേണ്ടി അധികാരികളെ വിളിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഇരട്ടിയിലധികം വര്‍ധനവുണ്ടായി''-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവര്‍ ഏറ്റവും സുരക്ഷിതരായി ഇരിക്കേണ്ട വീടുകള്‍ക്കുളളില്‍ നിന്നുണ്ടാവുന്ന പീഡനം വളരെ കൂടുതലാണ്.
ഗാര്‍ഹിക പീഡനത്തെ ചെറുക്കാനുള്ള ചില നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ട് വച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ സര്‍വ്വീസുകളില്‍ ഊന്നല്‍ കൊടുക്കുക, പീഡകര്‍ക്കെതിരേയുള്ള വിചാരണ തുടരുക, പീഡകരെ അറിയിക്കാതെ പരാതി നല്‍കാനുള്ള സാഹചര്യമൊരുക്കുക, മരുന്നു ശാലകളിലും കച്ചവടസ്ഥാപനങ്ങളിലും അടിയന്തിര മുന്നറിയിപ്പ് സംവിധാനമൊരുക്കുക തുടങ്ങിയവയാണ് അത്.