പൊന്ന്യത്തെ ബോംബ് സ്‌ഫോടനം: കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്
കണ്ണൂര്‍: തലശ്ശേരി പൊന്ന്യത്തെ ബോംബ് സ്‌ഫോടനത്തെ കുറിച്ച് കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നും ആയുധ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെയും സൗകര്യങ്ങള്‍ ചെയ്ത് കൊടുത്തവര്‍ക്കെതിരെയും ശക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നും ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ആവശ്യപ്പെട്ടു. വെഞ്ഞാറമൂട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫിസുകള്‍ക്കും പ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമം നടത്താനാണ് ബോംബുകളുടെ നിര്‍മാണവും ആയുധങ്ങളുടെ സംഭരണവും ജില്ലയില്‍ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ജില്ലയുടെ പല സിപിഎം ശക്തികേന്ദ്രങ്ങളിലും ഒളിത്താവളങ്ങളിലുമാണ് ഇത്തരം ആയുധ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റിയുടെ ഉടമസ്ഥതയിലാണ് ഈ ആയുധ നിര്‍മാണവും സംഭരണവും നടക്കുന്നത് എന്ന് പകല്‍ പോലെ വ്യക്തമാണ്. ബോംബ് സ്‌ഫോടനത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റെന്നും ഒരാള്‍ പോലിസ് കസ്റ്റഡിയിലാണെന്നുമുള്ള വാര്‍ത്തകള്‍ മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. ബോംബ് നിര്‍മാണത്തിന്റെ യഥാര്‍ത്ഥ ചിത്രം പോലിസിന് പോലും വ്യക്തമല്ലാത്ത സാഹചര്യത്തില്‍ പരിക്കേറ്റ ചിലരെങ്കിലും രക്ഷപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. സിപിഎം ശക്തികേന്ദ്രങ്ങളിലെ ഓഫിസുകളും പാര്‍ട്ടിയുടെ ഒളിത്താവളങ്ങളും ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തണം.
സിപിഎം ജില്ലാ നേതൃത്വത്തിന്റെ ഉടമസ്ഥതയില്‍ ബോംബ് നിര്‍മാണം നടക്കുന്നതിനാല്‍ സമഗ്രമായ അന്വേഷണവും റെയ്ഡും നടന്നാല്‍ മാത്രമേ ആയുധ സംഭരണ കേന്ദ്രങ്ങളില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ. കേരളത്തെ കലാപഭൂമിയാക്കാനുള്ള സിപിഎം നടപടിയില്‍ പ്രതിക്ഷേധിച്ചും ബോംബ് നിര്‍മാണത്തിനെതിരെയും അക്രമത്തിന് നേതൃത്വം കൊടുക്കുന്നതിന് തയ്യാറാവുന്ന സിപിഎം കാടത്തത്തിനെതിരേ സമൂഹമനസാക്ഷി ഉണര്‍ത്തുന്നതിനും വേണ്ടി തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തലശ്ശേരി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ഉപവാസം അനുഷ്ടിക്കും. കെ മുരളീധരന്‍ എംപി, കെ സുധാകരന്‍ എംപി, കെ സി ജോസഫ് എംഎല്‍എ, അഡ്വ. സണ്ണി ജോസഫ് എംഎല്‍എ തുടങ്ങിയവര്‍ ഉപവാസ സമരത്തില്‍ സംബന്ധിക്കുമെന്നും സതീശന്‍ പാച്ചേനി അറിയിച്ചു.
Gold bomb blast: Congress urges central agency to probe