സ്വര്‍ണക്കടത്ത്: ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷം സഭയില്‍
പ്രതിപക്ഷ ആവശ്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്രമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിഷയം സഭയില്‍ സബ്മിഷനായി ഉന്നയിച്ച് പ്രതിപക്ഷം. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ സഭയില്‍ പറഞ്ഞു. ഇഡിയെ വിശ്വസിക്കാന്‍ പറ്റില്ല. ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ കേസ് അന്വേഷിക്കണം. സര്‍ക്കാര്‍ ഇത് ആവശ്യപ്പെടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
എന്നാല്‍ ഇഡിയെ കുറിച്ചുള്ള നിലപാട് മാറ്റിയതിന് നന്ദിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പ്രതിപക്ഷത്തിന് തിരിച്ചറിവ് ഉണ്ടായി. സിബിഐ പരിമിതികളില്‍ നിന്ന് മുക്തരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണ്. സിബിഐ കൂട്ടിലടച്ച തത്തയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിക്ക് പേടിയാണെന്ന മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതോടെ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.