സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം: ആയിരം വികസന കാഴ്ചകളുമായി ചിത്രരചനാ മത്സരം
തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 18 മുതല്‍ 24 വരെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ത്ഥം വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാമത്സരം സംഘടിപ്പിച്ചു. എല്‍ പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലയിലെ 18 ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളില്‍ നടത്തിയ മത്സരത്തില്‍ 987 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
നാടിന്റെ വികസന കാഴ്ചകള്‍' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചിത്രരചനാ മത്സരത്തില്‍ കുഞ്ഞു കലാകാരന്മാരുടെ ഭാവന ചിത്രങ്ങള്‍ മത്സരത്തിന് മിഴിവേകി. വികസനത്തിന് ആകാശ പാതകളും മിന്നല്‍ തീവണ്ടികളും കുട്ടികളുടെ ചിത്രരചനയില്‍ വേറിട്ടുനിന്നു. . ഏറ്റവും കൂടുതല്‍ പേര്‍ മത്സരത്തിനെത്തിയത് മതിലകം ബി ആര്‍ സിയിലാണ്. 84 പേരാണ് ഇവിടെ ചിത്രം വരയ്ക്കാനെത്തിയത്.
അന്തിക്കാട് ബി ആര്‍ സി 32 , ചാലക്കുടി 70, ചാവക്കാട് 76, ചേര്‍പ്പ് 42, ചൊവ്വന്നൂര്‍ 66, ഇരിങ്ങാലക്കുട 35, കൊടകര62, കൊടുങ്ങല്ലൂര്‍ 66, മാള71, മുല്ലശ്ശേരി62, ഒല്ലൂക്കര20, പഴയന്നൂര്‍59, പുഴയ്ക്കല്‍81, തളിക്കുളം19, യു ആര്‍ സി തൃശൂര്‍ 31, വെള്ളാങ്ങല്ലൂര്‍ 45, വടക്കാഞ്ചേരി 66 എന്നിങ്ങനെയാണ് മറ്റു ബി ആര്‍ സികളിലെ കണക്ക്. തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസും സമഗ്ര ശിക്ഷ കേരളവും സംയുക്തമായാണ് മത്സരം നടത്തിയത്.
ഓരോ വിഭാഗത്തിലും മത്സരിച്ചു വിജയിക്കുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന കുട്ടികള്‍ ഉള്‍പ്പെടെ ചിത്രകലാകാരന്‍മാരുടെ നേതൃത്വത്തില്‍, ഏപ്രില്‍ 16ന് തേക്കിന്‍കാട് മൈതാനിയില്‍ വെച്ച് വലിയ ക്യാന്‍വാസില്‍ സമൂഹ ചിത്രരചനയും സംഘടിപ്പിക്കും. വിജയികളായ കുട്ടികള്‍ക്ക്, ഈ വേദിയില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും.