ആരാധനാലയങ്ങളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണം: സുന്നി യുവജന വേദി
മലപ്പുറം: ലോക്ക്ഡൗണ്‍ മൂലം അടച്ചുപൂട്ടിയ ആരാധനലയങ്ങളിലെയും മത ധര്‍മസ്ഥാപനങ്ങളിലെയും ജീവനക്കാരില്‍ മിക്കവര്‍ക്കും വേതനം ലഭിക്കാത്ത സാഹചര്യമാണെന്നും ഇവര്‍ക്ക് സര്‍ക്കാര്‍ അടിയന്തിരമായി സാമ്പത്തിക സഹായം അനുവദിക്കണമെന്നും സുന്നി യുവജനവേദി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. പൊതുവായ സാമ്പത്തിക പ്രതിസന്ധിയില്‍ വിശ്വാസികളുടെയും മാനേജ്‌മെന്റുകളുടെയും വരുമാന സ്രോതസ്സുകളില്‍ ഇടിവ് സംഭവിച്ചതിനാല്‍ വേതനമടക്കം ഇവരുടെ എല്ലാ ധനാഗമന മാര്‍ഗങ്ങളും നിലച്ചതുമൂലം ഇവരുടെ ലക്ഷക്കണക്കായ കുടുംബങ്ങള്‍ തീരാ ദുരിതത്തിലാണ്. മത സംഘടനകളും മഹല്ലു കമ്മിറ്റികളും ആരാധനാലയ ഭരണസമിതികളും തങ്ങള്‍ക്കു കീഴിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് പ്രതിസന്ധിക്കു ശേഷവും ജോലി സുരക്ഷ ഉറപ്പാക്കണമെന്നും ലോക്ക്ഡൗണ്‍ വേളയില്‍ അവര്‍ക്ക് വേതനം നല്‍കുന്ന കാര്യത്തില്‍ മനുഷ്യത്വ പരമായ സമീപനം സ്വീകരിക്കണമെന്നും സംസ്ഥാന സെക്രട്ടറി മരുത അബ്ദുല്‍ ലത്തീഫ് മൗലവി ആവശ്യപ്പെട്ടു.
ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രകാരം ആരാധനാലയങ്ങള്‍ തുറക്കുന്നതു രോഗ വ്യാപനം തടയാനുള്ള എല്ലാ മുന്‍കരുതലുകളും പാലിച്ചു മാത്രമേ ആകാവൂ എന്നും ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ ആരാധനകളില്‍ മതം അനുവദിക്കുന്ന ഇളവുകളെക്കുറിച്ചും നിലവിലെ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് അവ നിര്‍വഹിക്കുന്ന രീതികളെക്കുറിച്ചും വിശ്വാസികളെ വേണ്ടവിധം ബോധവല്‍ക്കരിക്കാന്‍ പണ്ഡിത സംഘടനകള്‍ മുന്നോട്ടു വരണമെന്നും യോഗം അഭിപ്രായപ്പെട്ടു. മരുത അബ്ദുല്ലത്തീഫ് മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഖാലിദ് ഉസ്താദ് അധ്യക്ഷത വഹിച്ചു. ഇ മമ്മുട്ടി മൗലവി, പി ടി മുഹമ്മദ് അശ്‌റഫ്, കാരാട്ട് കുളങ്ങര മുഹ്‌സിന്‍, മുഹമ്മദ് രിഫാഅ സംസാരിച്ചു.