സജി ചെറിയാന്റെ രാജി ഗവര്‍ണര്‍ അംഗീകരിച്ചു

Update: 2022-07-06 17:43 GMT

തിരുവനന്തപുരം: ഫിഷറീസ്- സാംസ്‌കാരിക മന്ത്രിയായിരുന്ന സജി ചെറിയാന്റെ രാജിക്കത്ത് ഹൈദരാബാദിലുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാത്രിയോടെ അംഗീകരിച്ചു. ഇതോടെ ഔദ്യോഗികമായി സജി ചെറിയാന്‍ മന്ത്രിസഭയ്ക്ക് പുറത്തായി. ഇനി ചെങ്ങന്നൂര്‍ എംഎല്‍എ എന്ന നിലയില്‍ അദ്ദേഹം തുടരും. സജി ചെറിയാന്റെ രാജി അംഗീകരിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശുപാര്‍ശ കത്ത് വൈകുന്നേരം തന്നെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് രാജ്ഭവനിലെത്തിച്ചിരുന്നു. വൈകാതെ തന്നെ ഇത് ഹൈദരാബാദിലേക്ക് അയച്ചുകൊടുത്തു. രാജി അംഗീകരിച്ച് വകുപ്പുകള്‍ മുഖ്യമന്ത്രിക്കു കൈമാറിയതായുള്ള വിജ്ഞാപനം പുറത്തിറക്കും.

രാവിലെ ഹൈദരാബാദിലേക്ക് പോയ ഗവര്‍ണര്‍ വ്യാഴാഴ്ച രാത്രി തിരികെ എത്തിയ ശേഷം തീരുമാനമെടുക്കാനിരിക്കെയാണ് സജി ചെറിയാന്‍ രാജിവച്ചത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. മന്ത്രി രാജിവച്ചില്ലായിരുന്നുവെങ്കില്‍ ഗവര്‍ണര്‍ക്കു സ്വന്തം നിലയില്‍ നടപടി സ്വീകരിക്കേണ്ടിവരുമായിരുന്നു. മന്ത്രിയുടെ വിവാദപ്രസംഗവുമായി ബന്ധപ്പെട്ട് തനിക്കു ലഭിച്ച എല്ലാ പരാതികളും ഗവര്‍ണര്‍ മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. അവ പരിശോധിച്ച ശേഷം തുടര്‍തീരുമാനം അറിയിക്കണമെന്നായിരുന്നു ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നത്. സജി ചെറിയാന്‍ രാജിവച്ചെങ്കിലും പുതിയ മന്ത്രി വേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം.

ഫിഷറീസ്, സാംസ്‌കാരിക വകുപ്പുകള്‍ കൂടി തല്‍ക്കാലം മുഖ്യമന്ത്രി നോക്കും. മന്ത്രി സ്ഥാനം രാജിവെച്ചത് തന്റെ സ്വതന്ത്ര തീരുമാനമാണെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി തീരുമാനമെടുത്തത്. പ്രസംഗത്തിന്റെ ഏതാനും ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്തു. ഭരണഘടനയെ അവഹേളിച്ചെന്ന പ്രചാരണം വേദനിപ്പിച്ചു. നിയമോപദേശം തേടിയ സാഹചര്യത്തില്‍ തുടരുന്നത് ശരിയല്ലെന്നാണ് സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

Tags:    

Similar News