കൊവിഡ് 19: ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയ മാര്‍ഗരേഖ പറത്തിറക്കി

Update: 2020-06-09 06:29 GMT

ന്യൂഡല്‍ഹി: ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി. രാജ്യത്ത് കൊവിഡ് രോഗബാധ വര്‍ധിച്ച സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ ഇളവുകളില്‍ സര്‍ക്കാര്‍ മാറ്റംവരുത്തുന്നത്. പേഴ്സണല്‍ വകുപ്പാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുള്ളത്.

പുതിയ സര്‍ക്കുലര്‍ പ്രകാരം രോഗലക്ഷണമില്ലാത്തവര്‍ മാത്രമേ ജോലിക്കെത്താവൂ. ചുമ, പനി, തുമ്മല്‍ എന്നിവയുള്ളവര്‍ വീട്ടില്‍ കഴിയണം. കണ്ടെയന്‍മെന്റ് സോണുകളിലുള്ളവര്‍ ഓഫിസില്‍ വരരുത്, അവര്‍ വീടുകളിലിരുന്ന് ജോലി ചെയ്യണം. ഏത് സാഹചര്യത്തിലും 20 പേരില്‍ കൂടുതല്‍ ഒരു ഓഫിസിലും ഹാജരുണ്ടാവരുത്. അതനുസരിച്ച് ഡ്യൂട്ടി തയ്യാറാക്കണം. കാബിനുകളില്‍ ജോലി ചെയ്യുന്നവര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ജോലിക്കെത്തുക.

ഓഫിസിനുള്ളിലും മാസ്‌കുകള്‍ ഉപയോഗിക്കണം. മസ്‌കുകളും ഗ്ലൗസുകളും അലക്ഷ്യമായി ഉപേക്ഷിക്കരുത്. അങ്ങനെ ചെയ്താന്‍ നടപടിയെടുക്കും. നേരിട്ടുള്ള മുഖാമുഖം യോഗങ്ങള്‍ ഒഴിവാക്കണം, വീഡിയോ കോണ്‍ഫ്രന്‍സ് വഴിയാക്കണം അവ.

ഓരോ അരമണിക്കൂറും കൈകള്‍ കഴുകണം. സൈനിറ്റൈസറുകള്‍ ഓഫിസുകളില്‍ ഒരു സ്ഥിരം സ്ഥലത്ത് ഉപയോഗിക്കാനാവും വിധം സൂക്ഷിക്കണം.

ആളുകള്‍ സ്ഥിരമായി തൊടുന്ന സ്വിച്ച്, ഹാന്‍ഡില്‍ പോലുള്ളവ മണിക്കൂറിടവിട്ട് വൃത്തിയാക്കണം.

വ്യക്തിപരമായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അവരവര്‍ തന്നെ തൂത്ത് വൃത്തിയാക്കണം.

ഓരോരുത്തരും ഒരു മീറ്റര്‍ ഇടവിട്ട് നടക്കണം. ഇരിക്കുന്നതും അങ്ങനെയാവണം. സന്ദര്‍ശരുടെ ഇരിപ്പിടങ്ങളും ഇതനുസരിച്ച് ക്രമീകരിക്കണം.   നിലവില്‍ ഈ സര്‍ക്കുലര്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്കു മാത്രമാണ് ബാധകമാക്കിയിട്ടുള്ളത്.

Tags:    

Similar News