തിരുവനന്തപുരം: എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയ എം ആര്‍ അജിത് കുമാറിനെ ഡിജിപി ആക്കി സ്ഥാനക്കയറ്റം നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം. പൂരം കലക്കല്‍, ആര്‍എസ്എസ് കൂടിക്കാഴ്ച തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടായിരുന്നു എം ആര്‍ അജിത് കുമാറിനെ എഡിജിപി സ്ഥാനത്തു നിന്നും മാറ്റിയത്. നിലവില്‍ കേസുകളില്‍ അന്വേഷണം നേരിടുന്ന ആളാണ് അജിത് കുമാര്‍. ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവരടങ്ങിയ ഐപിഎസ് സ്‌ക്രീനിംഗ് കമ്മിറ്റിയാണ് എംആര്‍ അജിത്കുമാറിന്റെ സ്ഥാനക്കയറ്റത്തിന് അനുമതി നല്‍കിയത്. അന്വേഷണം നടക്കുന്നത് കൊണ്ട് മാത്രം സ്ഥാനക്കയറ്റം തടയാനാവില്ലെന്നാണ് സ്‌ക്രീനിംഗ് കമ്മിറ്റിയുടെ നിലപാട്. യുപിഎസ്സിയുടെതായിരിക്കും അന്തിമ തീരുമാനം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ രണ്ടാഴ്ച കൊണ്ട് വിജിലന്‍സ് റിപാര്‍ട്ട് സമര്‍പ്പിക്കാന്‍ ഇരിക്കെയാണ് സ്ഥാനക്കയറ്റം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം.
നിലവില്‍ അജിത് കുമാറിനെതിരേ കേസെടുക്കാത്തതു കൊണ്ടു തന്നെ പ്രാഥമിക അന്വേഷണമാണ് നടക്കുന്നത്. സ്ഥാനക്കയറ്റം ഏതെങ്കിലും അച്ചടക്ക നടപടിയുടെ ഭാഗമാണെന്ന് സര്‍ക്കാര്‍ രേഖകളില്‍ രേഖപ്പെടുത്തുകയോ ഇക്കാര്യം വ്യക്തമാക്കി മെമ്മോ അയക്കുകയൊ ചെയ്തിട്ടില്ല. അതിനാല്‍ തന്നെ സ്ഥാനക്കയറ്റം ലഭിക്കാന്‍ അജിത്കുമാറിന് വെല്ലുവിളികള്‍ ഉണ്ടാവില്ലെന്നാണ് സൂചനകള്‍.