കൊവിഡ് 19: ഇന്ത്യ സമൂഹവ്യാപന ഘട്ടത്തിലെത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ആഗോളതലത്തിലെ പല വിദഗ്ധരും ഇന്ത്യ സമൂഹവ്യാപനഘട്ടം നേരത്തെ തന്നെ പിന്നിട്ടുവെന്ന നിലപാടിലാണ്.
ന്യൂഡല്‍ഹി: ഇന്ന് മാത്രം ഇന്ത്യയില്‍ പുതുതായി 149 പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും രാജ്യം കൊറോണയുടെ മൂന്നാം ഘട്ടത്തിലെത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സമൂഹ വ്യാപനഘട്ടത്തെയാണ് മൂന്നാം ഘട്ടമായി ആരോഗ്യ വിദഗ്ധര്‍ കണക്കാക്കുന്നത്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിവാര പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
ആളുകള്‍ക്ക് കൂടുതലായി രോഗം ബാധിച്ചതിന്റെ തെളിവുകള്‍ ഇല്ലാത്ത ഈ സമയത്ത് സാഹചര്യങ്ങളെ അമിതമായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക ആരോഗ്യ ഗവേഷണ വിഭാഗമായ ഐസിഎംആറിലെ സീനിയര്‍ ഉദ്യോഗസ്ഥനായ ഡോ. ആര്‍ ഗംഗ കെട്കര്‍ പറഞ്ഞു.
ഇന്ത്യയില്‍ കൂടുതലായി കൊറോണ ടെസ്റ്റിങ് സെന്ററുകള്‍ സ്ഥാപിച്ചതോടെ ഏത് സാഹചര്യത്തെ നേരിടാനും രാജ്യം സന്നദ്ധമായിക്കഴിഞ്ഞെന്നാണ് ഐസിഎംആറിന്റെ നിലപാട്.
''പുതുതായി സ്ഥാപിച്ച ടെസ്റ്റിങ് ലാബുകള്‍ കൂടി പരിഗണിച്ചാല്‍ ഒരു ദിവസം 5 ലക്ഷം ടെസ്റ്റുകള്‍ നടത്താനാവും. ഇപ്പോഴത്തെ 1 ലക്ഷം ടെസ്റ്റുകള്‍ കൂടി ഇതോടൊപ്പം ചേരും. സ്വകാര്യ പൊതു ലാബുകളിലൂടെ കൊറോണ ടെസ്റ്റു ചെയ്യുന്നതിനുള്ള സര്‍ക്കാരിന്റെ ശേഷിയെക്കുറിച്ച് ആര്‍ക്കും ആശങ്കവേണ്ട''- ഡോ. കെട്കര്‍ പറഞ്ഞു.
ലോക് ഡൗണ്‍ 4ാം ദിവസത്തേക്ക് കടക്കുമ്പോള്‍ അതുവഴി ഉദ്ദേശിച്ച ഫലം ലഭിച്ചോ എന്നതിന് അത് ഫലം കാണുന്നതിനുള്ള സമയമായില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നെടുക്കുന്ന ഒരു നടപടി നാളെ ഉദ്ദേശിച്ചഫലം നല്‍കണമെന്നില്ല. ചിലപ്പോള്‍ അത് കുറച്ചുവൈകാമെന്നും ആരോഗ്യമന്ത്രാലയത്തിലെ ജോ. സെക്രട്ടറി ലവ് അഗര്‍വാള്‍ അഭിപ്രായപ്പെട്ടു. എങ്കിലും ഇപ്പോഴെടുത്ത തന്ത്രങ്ങള്‍ ഫലം കാണുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. മറ്റ് രാജ്യങ്ങളുടെ അനുഭവങ്ങളില്‍ നിന്നാണ് രാജ്യം നടപടികള്‍ സ്വീകരിച്ചത്. അത് സമയോചിതവുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴും രാജ്യത്ത് സമ്പര്‍ക്കപ്പട്ടിക വഴിയുള്ള നിരീക്ഷണമാണ് നടക്കുന്നത്. വ്യാപകമായ ടെസ്റ്റിങ്ങിന് സമയമായിട്ടില്ലെന്നുതന്നെയാണ് സര്‍ക്കാരിന്റെ നിലപാട്.
അതേസമയം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുണ്ട്. കേരളത്തിലും തെലങ്കാലയിലും ആദ്യ മരണവും ഇന്ന് രേഖപ്പെടുത്തി. തമിഴ്‌നാട്ടില്‍ മധുരയിലെ രോഗബാധിതന് എവിടെനിന്നാണ് വൈറസ് പകര്‍ന്നുകിട്ടിയതെന്ന് ഇപ്പോഴും വ്യക്തമല്ല.
ആഗോളതലത്തിലെ പല വിദഗ്ധരും ഇന്ത്യ സമൂഹവ്യാപനഘട്ടം നേരത്തെ തന്നെ പിന്നിട്ടുവെന്ന നിലപാടിലാണ്.