ഹരിത തിരഞ്ഞെടുപ്പ്: പോളിംഗ് സ്‌റ്റേഷനിലെ മാലിന്യം നീക്കാന്‍ ഹരിതസേന

Update: 2021-03-24 16:10 GMT

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ പോളിംഗ് ബൂത്തുകളിലുണ്ടാകുന്ന മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേന ശേഖരിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യും. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ പോളിംഗ് സ്‌റ്റേഷനുകളിലെ മാലിന്യങ്ങളുടെ ശേഖരണത്തിനും നിര്‍മ്മാര്‍ജ്ജനത്തിനും ഹരിത കര്‍മ്മ സേനയെ ഏര്‍പ്പാടാക്കുകയും പോളിംഗ് ബൂത്തുകളില്‍ നിന്ന് മാലിന്യം നീക്കം ചെയ്യുന്നതിന് വാഹന സൗകര്യമൊരുക്കുകയും ചെയ്യും.

ബയോമെഡിക്കല്‍ മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജി.പി.എസ് ട്രാക്കിങ്ങിനായി നോഡല്‍ ഓഫിസറുടെ സഹായത്തോടെ ഇലെ്രെക്ടസസ് സോഫ്‌റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യും. പോളിംഗ് ബൂത്തുകളിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഗ്ലൗസുകള്‍, മാസ്‌ക്, സാനിറ്റൈസര്‍, ഫെയ്‌സ്ഷീല്‍ഡ് തുടങ്ങിയവ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് വിതരണം ചെയ്യുക. പോളിംഗ് ബൂത്തുകളില്‍ ജൈവ – അജൈവ മാലിന്യ ശേഖരത്തിനായി മൂന്നുകവറുകള്‍/പ്ലാസ്റ്റിക് ബക്കറ്റ് എന്നിവയും സ്ഥാപിക്കും.

പോളിംഗ് ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥരും സ്റ്റീല്‍ പത്രങ്ങളിലോ മറ്റു പാത്രങ്ങളിലോ ഭക്ഷണം കൊണ്ടുവരണം. പോളിംഗ് സ്‌റ്റേഷനുകളില്‍ ഭക്ഷണ വിതരണത്തിനായി ഇലയോ അലുമിനിയം ഫോയിലോ ഉപയോഗിക്കണം. അലുമിനിയം ഫോയില്‍ ഉപയോഗശേഷം വൃത്തിയാക്കി അവിടെ സ്ഥാപിച്ച പ്രത്യേക ബിന്നില്‍ നിക്ഷേപിക്കണം.വോട്ടര്‍മാര്‍ ഉപയോഗിച്ച പ്ലാസ്റ്റിക് ഗ്ലൗസ് പോലെയുള്ള അജൈവ മാലിന്യങ്ങള്‍ അതിനായി സ്ഥാപിച്ചിട്ടുളള പ്രത്യേക ബിന്നിലാണ് നിക്ഷേപിക്കേണ്ടത്.

Similar News