പഹല്‍ഗാം ആക്രമണം; കശ്മീര്‍ താഴ്‌വരയിലെ 50ഓളം വിനോദസഞ്ചാര കേന്ദ്രങ്ങളും ട്രെക്കിങ് പാതകളും അടച്ചുപൂട്ടി

Update: 2025-04-29 09:45 GMT
പഹല്‍ഗാം ആക്രമണം; കശ്മീര്‍ താഴ്‌വരയിലെ 50ഓളം വിനോദസഞ്ചാര കേന്ദ്രങ്ങളും ട്രെക്കിങ് പാതകളും അടച്ചുപൂട്ടി

ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ജമ്മുകശ്മീര്‍ താഴ്‌വരയിലെ 50 ഓളം വിനോദസഞ്ചാര കേന്ദ്രങ്ങളും ട്രെക്കിങ് പാതകളും അടച്ചുപൂട്ടി സര്‍ക്കാര്‍. ഗുരെസ് വാലി, ദോഡപത്രി, വെരിനാഗ്, ബംഗസ് വാലി, യുസ്മാര്‍ഗ് തുടങ്ങിയ പ്രശസ്തമായ റിസോര്‍ട്ടുകള്‍ അടച്ചുപൂട്ടിയ സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്.

കഴിഞ്ഞ ചൊവ്വാഴ്ച പഹല്‍ഗാമില്‍ നടന്ന ആക്രമണത്തില്‍ 25 വിനോദസഞ്ചാരികളും ഒരു തദ്ദേശവാസിയും കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് 'വിനോദസഞ്ചാരികളുടെ സുരക്ഷ' മുന്‍നിര്‍ത്തിയാണ് ഈ സ്ഥലങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മതിയായ സുരക്ഷാ സാന്നിധ്യമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിചേര്‍ത്തു.

ശ്രീനഗറിലെ പഴയ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള വലിയ പള്ളിയായ ജാമിയ മസ്ജിദ് സന്ദര്‍ശിക്കാന്‍ വിനോദസഞ്ചാരികളെ അനുവദിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍.

ഈ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് പുറത്ത് പോലിസും അര്‍ദ്ധസൈനിക വിഭാഗങ്ങളും ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിക്കുമെന്നും നിശ്ചിത പ്രദേശങ്ങള്‍ക്കപ്പുറത്തേക്ക് പോകാന്‍ ആരെയും അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.പഹല്‍ഗാമും ഗുല്‍മാര്‍ഗ് പോലുള്ള മറ്റ് പ്രശസ്ത സ്ഥലങ്ങളും വിനോദസഞ്ചാരികള്‍ക്കായി തുറന്നിരിക്കും, എന്നാല്‍ ഈ സ്ഥലങ്ങളിലെ ചില പ്രദേശങ്ങള്‍ നിയന്ത്രിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News