മലബാര്‍ വിദ്യാഭ്യാസ വിവേചനത്തിന്റെ രക്തസാക്ഷിയാണ് ഹാദി റുഷ്ദ : ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

Update: 2024-06-12 10:41 GMT

മലപ്പുറം: രണ്ടാം ഘട്ട അലോട്ട്‌മെന്റിന് ശേഷവും സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് പരപ്പനങ്ങാടിയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. മലബാര്‍ വിദ്യാഭ്യാസ വിവേചനത്തിന്റെ രക്തസാക്ഷിയാണ് ഹാദി റുഷ്ദയെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്‌റിന്‍ പറഞ്ഞു. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് വ്യവസ്ഥാപിത കൊലപാതകമാണിത്. നാളിതു വരെയുള്ള മലബാര്‍ വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങള്‍ക്ക് വര്‍ഗീയ ചാപ്പ നല്‍കിയവരും അതിനെ പൈശാചിക വല്‍ക്കരിച്ചവരും ഹാദി റുഷ്ദയുടെ വ്യവസ്ഥാപിത കൊലപാതകത്തിന്റെ കൂട്ടുപ്രതികള്‍ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മലബാറില്‍ ആയിരക്കണക്കിന് സീറ്റുകള്‍ ബാക്കിയാണെന്ന നുണ പ്രചാരണം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ നടത്തിയ അതേ ദിവസമാണ് മലപ്പുറത്ത് രണ്ടാം ഘട്ട അലോട്ട്‌മെന്റിലും സീറ്റ് ലഭിക്കാതെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുണ്ടാകുന്നത് എന്നത് ഗൗരവകരമാണ്.

സീറ്റുകിട്ടാത്തതുകൊണ്ടല്ല ആത്മഹത്യ എന്ന സര്‍ക്കാര്‍ സംവിധാനങ്ങളും പാര്‍ട്ടി സംവിധാനവും ഉപയോഗിച്ചുള്ള വ്യാജ പ്രചരണം വിജയിക്കില്ല. ഹാദി റുഷ്ദ വിഷയത്തില്‍ നീതി ലഭ്യമാകും വരെ ശക്തമായ പ്രതിഷേധങ്ങള്‍ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ ജില്ലകളില്‍ ഇന്നും നാളെയുമായി ദേശീയപാത ഉപരോധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും കെ.എം ഷെഫ്‌റിന്‍ പറഞ്ഞു.





Tags:    

Similar News