ഹലാല്‍ ഫുഡ്, ഭക്ഷണത്തിന്റെ ആഗോള മുദ്ര: വസ്തുതകളെന്തൊക്കെ?

Update: 2021-11-24 06:45 GMT

സി എ റഊഫ് 

ഹലാല്‍ എന്നത് നല്ല ഭക്ഷണത്തിന്റെ ആഗോള മുദ്ര. പഴി മുസ്‌ലിംകള്‍ക്ക് ആണെങ്കിലും പണം വാരുന്നവരില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളുമുണ്ട്. നമ്മുടെ നാട് ഇന്ന് എത്തിപ്പെട്ട സാഹചര്യത്തില്‍ നിന്നാണ് ഇത് പറയാന്‍ തീരുമാനിച്ചത്. ഇങ്ങനെയൊക്കെ പറയണമെന്ന് ഒരിക്കലും ആഗ്രഹിച്ചതുമല്ല. പക്ഷേ, ഇത് പറയാതിരുന്നാല്‍ ഈ കാലഘട്ടത്തില്‍ നാം നിര്‍വഹിക്കേണ്ട ഉത്തരവാദിത്തം നിര്‍വഹിക്കപ്പെടാതെ പോകും എന്നുള്ളത് കൊണ്ടാണ് ചില തുറന്നു പറച്ചിലുകള്‍ നടത്തേണ്ടി വന്നത്.

നമ്മുടെയൊക്കെ സാമൂഹിക പരിസരം ജാതിമതകക്ഷി വ്യത്യാസമില്ലാത്ത സൗഹൃദങ്ങളുടേതാണ്. അതാണ് നമ്മുടെ നാട് വര്‍ഗീയവാദികള്‍ക്ക് വേരോട്ടമില്ലാതെ മതേതരമായിരിക്കാന്‍ കാരണം. പക്ഷേ, അടുത്തിടെ വെറുപ്പും വിദ്വേഷവും ജനിപ്പിക്കുന്ന നിരവധി പ്രചാരണങ്ങളാണ് സംഘപരിവാറിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. അത് ജനങ്ങള്‍ക്കിടയില്‍ വിഭജനം തീര്‍ക്കണം എന്ന ഉദ്ദേശ്യത്തോടെയുള്ളതാണ്. 

ഇത്രയും വലിയ വിദ്വേഷപ്രചണം ഒരു മതത്തിനെതിരെ നിരന്തരം ഉണ്ടായിട്ടും ആ വിഷയത്തില്‍ പേരിന് വേണ്ടിയെങ്കിലും ഒരു പ്രതികരണം നടത്താന്‍ പോലും സാധിക്കാത്ത വിധം നിശ്ശബ്ദമായിപ്പോയ മുസ്‌ലിമിതര പൊതുബോധം ആശ്ചര്യപ്പെടുത്തുകയാണ്. ഏറ്റവുമൊടുവില്‍ ബിജെപിയുടെ നേതാവ് സുരേന്ദ്രന്‍ ഹലാല്‍ ഭക്ഷണം ലഭിക്കുന്ന കടകള്‍ക്ക് നേരെ നടത്തിയ വിഷം തുപ്പുന്ന പരാമര്‍ശം എത്രമാത്രം അപകടകരമാണെന്ന് നാം ഓര്‍ക്കണം. 

ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ പറയണമെന്ന് തോന്നുന്നു. 

1. ഹലാല്‍ ഭക്ഷണം എന്നതിന്റെ ആശയം മനുഷ്യന് ഭക്ഷ്യയോഗ്യമായ, മായമോ വൃത്തികേടോ ഇല്ലാത്തത് എന്നാണ്. ഇസ്‌ലാമിക വിശ്വാസപ്രകാരം ഇത്തരം ഭക്ഷണം മാത്രമേ കഴിക്കാവൂ. ഹലാല്‍ എന്നത് കേവലമായ ഒരു പ്രയോഗമല്ല. ഉദാഹരണത്തിന് മോഷ്ടിച്ച ഭക്ഷണമോ, മോഷണമുതല്‍ കൊണ്ട് വാങ്ങിയ ഭക്ഷണമോ ഹലാല്‍ അല്ല; അഥവാ അത് മുസ്‌ലിംകള്‍ക്ക് നിഷിദ്ധമാണ്. കേടുവന്നതും മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരവുമായതും ഇസ്‌ലാം വിലക്കിയിട്ടുണ്ട്. സത്യത്തില്‍ ഹലാല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണ്. 

2. ഹലാല്‍ എന്ന ലേബല്‍ പല മേഖലകളിലും ഉള്ളവര്‍ ഉപയോഗിക്കുന്നുണ്ട്. അത് പ്രധാനമായും വാണിജ്യ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ്. ഹോട്ടലുകള്‍, ബേക്കറികള്‍, മാംസശാലകള്‍ തുടങ്ങിയ കടകള്‍ക്ക് മുന്നിലും പാക്ക് ചെയ്തുവരുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ പാക്കറ്റിലും ഹലാല്‍ മുദ്ര കാണാറുണ്ട്. അത് മുസ്‌ലിംകള്‍ മാത്രം ഉപയോഗിക്കുന്ന മുദ്രയുമല്ല. തികച്ചും കച്ചവട താത്പര്യങ്ങള്‍ക്കായാണ് അതുപയോഗിക്കുന്നത്. 

3. ഹലാല്‍ മുദ്ര ഉപയോഗിക്കാന്‍ കച്ചവടക്കാര്‍ക്കുള്ള താല്പര്യം ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്നതാണ്. മുസ്‌ലിം ഉപഭോക്താക്കളെ മാത്രമല്ല; നല്ലത് കഴിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ എല്ലാം ഹലാല്‍ മുദ്രയുള്ളത് തിഞ്ഞെടുക്കാറുണ്ട്. 

4. ഹലാല്‍ മുദ്രയുള്ള സ്ഥാപനങ്ങളില്‍ പലതും ഹിന്ദുക്കള്‍ നടത്തുന്നതാണ്. ദുബൈയും കൊച്ചിയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അസറ്റ് ബിള്‍ഡേഴ്‌സ് അത്തരം ഒന്നാണ്. ശരീഅത്ത് അനുസരിച്ചുള്ള ഹലാല്‍ മുദ്രയുള്ള താമസസൗകര്യം വാഗ്ദാനം ചെയ്യുന്ന ഫഌറ്റ് സമുച്ചയം എന്നാണ് അവര്‍ തങ്ങളുടെ പരസ്യത്തില്‍ പറയുന്നത്. ഹലാല്‍ മുദ്ര കണ്ടാല്‍ അപസ്മാരം ഇളകുന്ന സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള വര്‍ഗീയവാദികള്‍ ഈ പരസ്യം കണ്ടിരുന്നോ എന്നറിയില്ല. സിമന്റും മെറ്റലും കമ്പിയും മണലും ഉള്‍പ്പടെയുള്ള നിര്‍മാണ സമഗ്രി ഉപയോഗിച്ചുള്ള ഫ്‌ലാറ്റ് സമുച്ചയത്തിന് എന്തിനാണ് ഹലാല്‍ മുദ്ര? ആ മുദ്ര ജനങ്ങളുടെ വിശ്വാസ്യത കിട്ടാന്‍ കാരണമാകും എന്ന് ഉറപ്പുള്ളത് കൊണ്ടല്ലേ അസറ്റ് അത് ഉപയോഗിച്ചത്. 

5. അസറ്റ് ഹോംസ് എന്ന കമ്പനി സ്ഥാപിച്ചതും അതിന്റെ മാനേജിങ് ഡയറക്ടറും കൊച്ചി സ്വദേശി വി. സുനില്‍കുമാറാണ്. തന്റെ ബില്‍ഡിങ് പ്രോജക്ടുകള്‍ വിറ്റഴിക്കാന്‍ അദ്ദേഹം കണ്ട ഫലപ്രദമായ വഴിയാണ് ഹലാല്‍ മുദ്ര വെക്കുക എന്നത്. അതിനെയാണ് ഒരു മതത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഹിന്ദുവായ എന്‍. മോഹനനും ക്രിസ്ത്യാനിയായ സി.വി റപ്പായിയും ഉള്‍പ്പടെയുള്ളവര്‍ അതിന്റെ ഡയറക്ടര്‍മാരുമാണ്. ഹലാല്‍ സംബന്ധിച്ച വിവാദം വര്‍ഗീയവാദികള്‍ ഉണ്ടാക്കുമ്പോള്‍ തങ്ങളുടെ കച്ചവട നേട്ടത്തിനായി ഇതേ മുദ്ര ഉപയോഗിച്ച സുനില്‍ കുമാറിന് അതിന്റെ വസ്തുത തുറന്നു പറയാന്‍ ബാധ്യതയില്ലേ? ഒരു വശത്ത് ഇതേ മുദ്രയുടെ പേരില്‍ ഒരു സമുദായത്തെ വംശീയമായി വേട്ടയാടുമ്പോള്‍ ഒന്നും ഉരിയാടാതെ തങ്ങളുടെ കച്ചവടം മെച്ചപ്പെടുത്താന്‍ അതേ മുദ്ര ഉപയോഗിക്കുന്നത് കാപട്യമല്ലേ. 

6. ശബരിമലയില്‍ അരവണപായസം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ശര്‍ക്കരയില്‍ ഹലാല്‍ മുദ്രയുണ്ടെന്നും അത് വിശ്വാസികളെ അപമാനിക്കുകയാണെന്നും പറഞ്ഞ് ശശികലയും സുരേന്ദ്രനും ഉള്‍പ്പടെയുള്ള ഹിന്ദുത്വ വര്‍ഗീയത മൂത്ത ആങ്ങളമാരും പെങ്ങന്മാരും വിഷം വമിപ്പിച്ചിരുന്നു.ഒടുവില്‍ വര്‍ധ എന്ന ശര്‍ക്കരക്കമ്പനിയുടെ മുതലാളി ശിവസേനക്കാരനാണെന്ന സത്യം പുറത്തുവന്നു. തങ്ങളുടെ ആരാധനയുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ത്തി ഹിന്ദു വര്‍ഗീയ വാദികള്‍ നുണ പ്രചരിപ്പിക്കുമ്പോള്‍ അരുതെന്ന് പറയാന്‍ ഹിന്ദു മതത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഉത്തരവാദിത്തമില്ലേ.അവരുടെ ചിഹ്നങ്ങളെയല്ലേ ഹിന്ദുത്വര്‍ വിദ്വേഷത്തിന് വേണ്ടി ഉപയിഗിക്കുന്നത്.

7. ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് ബീഫ് കയറ്റുമതി ചെയ്യുന്ന പ്രധാന സ്ഥാപനം അല്‍കബീര്‍ ഗ്രൂപ്പ് ആണ്. ഇവയും ഹലാല്‍ മുദ്രയോടെയാണ് ബീഫ് കയറ്റുമതി ചെയ്യുന്നത്.പേരിലും മുദ്രയിലും മുസ്‌ലിം ടച്ചുള്ള ഈ സ്ഥാപനത്തിന്റെ ഉടമ സംഘപരിവാറുകാരനാണ് എന്ന വസ്തുത ഏത് സുരേന്ദ്രനോടാണ് നമ്മള്‍ സംവധിക്കേണ്ടത്.ഇതേ ബീഫിന്റെ പേരിലാണ് ഉത്തരേന്ത്യയിലെ പലഭാഗങ്ങളിലും ഹിന്ദുത്വ ഭീകരര്‍ മുസ്‌ലിംകളെ കൊലപ്പെടുത്തിയത്.ഇതേ ബീഫിന്റെ പേരിലാണ് കേരളത്തില്‍ വടകരയിലും പെരുമ്പാവൂരിലും ഹിന്ദുത്വര്‍ മുസ്‌ലിംകളെ ആക്രമിച്ചത്.അവരോട് അരുതെന്ന് പറയാന്‍ സാധാരണ ഹിന്ദുക്കള്‍ക്ക് ബാധ്യതയില്ലേ?

8. സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പുറത്തു വിട്ട നോണ്‍ ഹലാല്‍ ഹോട്ടലുകളിലെ ലിസ്റ്റ് നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ? അതില്‍ ഒന്നാം സ്ഥാനത്തുള്ളത് ബീഫ് വിളമ്പുന്ന പാരഗണ്‍ ആണ്. കോഴിക്കോട്ടെ ഈ ഹോട്ടലിന് സംഘപരിവാറുമായുള്ള ബന്ധം ഈ ലിസ്റ്റില്‍ നിന്നും തന്നെ വ്യക്തമാകുന്നില്ലേ? പാരഗണ്‍ ഹോട്ടലിലും നേരത്തെ ഹലാല്‍ സ്റ്റിക്കര്‍ ഉണ്ടായിരുന്നു. പിന്നീടാണ് 'ഹലാല്‍', മാറ്റി നല്ല ഭക്ഷണം എന്നാക്കി. മുസ്‌ലിം ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സംഘപരിവാറുകാര്‍ വരെ ഈ തന്ത്രം പ്രയോഗിക്കുന്നുണ്ട് എന്നര്‍ത്ഥം. 

തങ്ങളുടെ കച്ചവടം മെച്ചപ്പെടുത്തുന്നതിന് മുസ്‌ലിം ടച്ചുള്ള പ്രയോഗങ്ങള്‍ ഉപയോഗിക്കുകയും ആ പ്രയോഗം തെറ്റായി പ്രചരിപ്പിച്ച് മുസ്‌ലിം സമുദായത്തെ വേട്ടയാടുമ്പോള്‍ മൗനം പാലിക്കുകയും ചെയ്യുന്നതിലെ കാപട്യം ഇനിയും തുറന്നു പറയാതിരിക്കുന്നത് ശരിയല്ല എന്നത് കൊണ്ടാണ് ഇത് പറയുന്നത്. ഇത് തുറന്ന് പറയുന്നത് മതസൗഹാര്‍ദ്ദത്തിന് കോട്ടം തട്ടുമെന്നാണ് ചിലര്‍ പറയുന്നത്. കാപട്യങ്ങളുടെ മുകളില്‍ കയറി നിന്ന് വ്യാജമായി ഉണ്ടാക്കിയെടുക്കേണ്ട ഒന്നല്ല മതസൗഹാര്‍ദ്ദം. പരസ്പര ബഹുമാനത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും അടിസ്ഥാനത്തില്‍ സ്വാഭാവികമായും രൂപപ്പെടുന്ന ഒന്നാണത്.

അതിന് ഭംഗം വരുത്തുന്ന പ്രവണതകള്‍ ഉണ്ടായാല്‍ അത് തുറന്ന് പറയുക തന്നെവേണം. യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവയ്ക്കുന്ന നമ്മുടെ നിശബ്ദത വസ്തുതകള്‍ അറിയാത്ത ചിലരിലെങ്കിലും വിദ്വേഷം സ്വാധീനമുണ്ടാക്കാന്‍ കാരണമാകും. എന്നെ ആശ്ചര്യപ്പെടുത്തുന്ന പ്രധാന കാര്യം ഈ വര്‍ഗീയ ഭ്രാന്തിനോട് ഹിന്ദു ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ പ്രതികരിക്കുന്നില്ല എന്നതാണ്. അവരുടെ മൗനം എന്ത് സന്ദേശമാണ് നമുക്ക് നല്‍കുന്നത്? 

മുസ്‌ലിം വ്യാപാര സ്ഥാപനങ്ങളെ ലക്ഷ്യം വെച്ച് വൃത്തികെട്ട പ്രചാരണങ്ങള്‍ നടത്തുമ്പോള്‍ ആരാണ് അത് അഡ്രസ് ചെയ്യേണ്ടത്? നോണ്‍ ഹലാല്‍ കാംപയിന്‍ സംഘപരിവാര്‍ ശക്തമായി നടത്തുന്നുണ്ട്. ഈ കാംപയിന്‍ ആത്യന്തികമായി എന്ത് ഫലമാണ് ഉണ്ടാക്കുക? മുസ്‌ലിം വിരുദ്ധ വംശീയതയല്ലാതെ നോണ്‍ ഹലാല്‍ കാംപയിന്‍ എന്ത് സന്ദേശമാണ് കൈമാറ്റം ചെയ്യുന്നത്? 

നോണ്‍ ഹലാല്‍ എന്നതിന് അര്‍ത്ഥം പരിശുദ്ധമല്ലാത്തത് എന്നാണ്. ചത്തതും ചീഞ്ഞതും കട്ടതും മായം ചേര്‍ത്തതുമൊക്കെ ഈ ഗണത്തില്‍ പെടും. ഞങ്ങളുടെ കടയില്‍, ഞങ്ങള്‍ ലിസ്റ്റ് ചെയ്ത കടകളില്‍ ഇത്തരം വിഭവങ്ങളാണ് ലഭിക്കുക എന്നാണ് അതിലൂടെ സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്. എന്താണ് നോണ്‍ ഹലാലിന്റെ താല്പര്യം എന്ന് പോലുമറിയാതെ ഒരു മതത്തിനെതിരെ കണ്ണടച്ചു വിദ്വേഷം വിളമ്പുകയാണവര്‍. അതിനോട് പ്രതികരിക്കാന്‍ ലിസ്റ്റ് ചെയ്യപ്പെട്ട സ്ഥാപന ഉടമകള്‍ക്കും ഉത്തരവാദിത്തമില്ലേ. 

ആത്യന്തികമായി മുസ്‌ലിംകള്‍ വാങ്ങല്‍ ശേഷി കൂടുതല്‍ ഉള്ളവരാണ്. പല ഘടകങ്ങളും അതിന് കാരണമായുണ്ട്. അത് വിശദമായി തന്നെ പറയേണ്ടതാണ്. ഉദാഹരണത്തിന് കേരളത്തിലെ ആദ്യ പത്തു സമ്പന്നരില്‍ ഒരാള്‍ മാത്രമാണ് മുസ്‌ലിം പേരുള്ളത്. ചാരിറ്റിയുടെ എണ്ണവും വണ്ണവും പരിശോധിച്ചാല്‍ ഈയൊരു മുസ്‌ലിമിന്റെ പേര് മാത്രമേ കാണാനാവൂ. മറ്റുള്ളവര്‍ എന്തുകൊണ്ട് ഈ മേഖലയില്‍ വിസിബിള്‍ അല്ല എന്നതിന് വിശ്വാസവും സംസ്‌കാരവും വിലയിരുത്തിയാലെ കൃത്യമായ ഉത്തരം കിട്ടൂ. ഇന്ത്യയിലെ ശതകോടീശ്വരന്മാരില്‍ ആദ്യ പത്തുപേരില്‍ ഒരാള്‍ പോലും മുസ്‌ലിം ഇല്ല. പക്ഷേ, ഏറ്റവും കൂടുതല്‍ ചാരിറ്റി നടത്തിയ കോടീശ്വരന്മാരുടെ പട്ടികയെടുത്താല്‍ അതില്‍ ആദ്യത്തേത് മുസ്‌ലിം പേരുള്ള അസിം പ്രേംജിയുടേതാണ്. അതിന്റെ കാരണം എന്താണെന്ന് ചോദിച്ചാലും വിശ്വാസവും സംസ്‌കാരവും ഉത്തരത്തിന്റെ ആദ്യഭാഗത്ത് തന്നെ കാണാനാവും. 

ഇതൊരു വസ്തുതയാണ്. ഈ വസ്തുതകള്‍ പങ്കുവെക്കുമ്പോഴേ ജനം ഇതറിയൂ. സുരേന്ദ്രന്‍ ഉയര്‍ത്തിവിട്ട തുപ്പല്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലെങ്കിലും ഇത് ചര്‍ച്ചക്ക് വിധേയമാകുന്നുവെന്നത് നല്ല കാര്യമാണ്. ഈ കുറിപ്പ് സാധാരണ ഹിന്ദുക്കള്‍ തെറ്റിദ്ധരിക്കാന്‍ ഇടയാക്കും എന്ന ആശങ്ക ചിലര്‍ക്കെങ്കിലും ഉണ്ടാവും. എനിക്ക് ഉറപ്പുണ്ട് വസ്തുതകള്‍ നിരീക്ഷിക്കുന്ന ഹിന്ദുക്കള്‍ ഈ പോസ്റ്റ് യാഥാര്‍ഥ്യബോധത്തോടെയാണ് മനസ്സിലാക്കുക എന്ന്. അല്ലാത്തവര്‍ നിലവില്‍ തന്നെ വര്‍ഗീയതയ്ക്ക് കുടപിടിക്കുന്നവരാണ്. സംഘപരിവാര്‍ ഉന്നയിക്കുന്ന നുണകളാണ് അവര്‍ക്ക് പ്രിയം എങ്കില്‍ അന്ധത ബാധിച്ച അവരുടെ കാഴ്ചകള്‍ക്ക് ഈ കുറിപ്പ് വെളിച്ചം നല്‍കാന്‍ സാധ്യത കുറവാണ്.  

(കടപ്പാട്: ഫാക്റ്റ് ഷീറ്റില്‍ (https://factsheets.in/) പ്രസിദ്ധീകരിച്ച കുറിപ്പ്) 

Tags:    

Similar News