ഹമാസ് പ്രതിനിധി സംഘം റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

Update: 2025-03-17 03:07 GMT

ദോഹ: ഖത്തറിലുള്ള ഹമാസ് പ്രതിനിധി സംഘം റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി മിഖായേല്‍ ബോഗ്ദനോവുമായി കൂടിക്കാഴ്ച നടത്തി. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ പശ്ചിമേഷ്യ-ആഫ്രിക്ക പ്രത്യേക പ്രതിനിധി കൂടിയാണ് മിഖായേല്‍ ബോഗ്ദനോവ്. ഗസയിലെ വെടിനിര്‍ത്തല്‍ കരാറുമായും ഇസ്രായേലിന്റെ കരാര്‍ലംഘനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയായി. ഇസ്രായേല്‍ ഉപരോധം മൂലം ഗസയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഹമാസ് സംഘം മിഖായേല്‍ ബോഗ്ദനോവിനോട് ആവശ്യപ്പെട്ടു. ഫലസ്തീനികളുടെ അവകാശങ്ങള്‍ക്കൊപ്പമാണ് റഷ്യയെന്ന് മിഖായേല്‍ ബോഗ്ദനോവ് അറിയിച്ചു. ഒരു നിബന്ധനകളുമില്ലാതെ ഗസയില്‍ മാനുഷിക സഹായങ്ങള്‍ എത്തണമെന്നാണ് റഷ്യയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ഹമാസിന്റെ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് ഡാര്‍വിഷ്, ഖാലിദ് മിഷാല്‍, ഡോ. മൂസ അബു മര്‍സൂഖ്, സാമി ഖാത്തര്‍ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്.