കലാപങ്ങളുടെ ഭൂമിയില്‍ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി ഹനിഫ് ഹാജിയും സംഘവും
അവര്‍ ഇതുവരെ ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും ഉള്‍പ്പെടെ മുന്നൂറോളം പേരുടെ അന്ത്യകര്‍മങ്ങള്‍ നടത്തിയിട്ടുണ്ട്.
വഡോദര:ഗുജറാത്ത് കലാപത്തിന്റെ ഓര്‍മകള്‍ ഇപ്പോഴും നിലനില്‍ക്കുന്ന വഡോദരയില്‍ നിന്നും മനുഷ്യസ്‌നേഹത്തിന്റെ സദ്‌വാര്‍ത്ത. കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മതമോ, ജാതിയോ നോക്കാതെ എല്ലാവര്‍ക്കും മാന്യമായ അന്ത്യവിശ്രമം ഒരുക്കുകയാണ് വഡോരയിലെ മുസ്‌ലിം സമുദായാംഗങ്ങള്‍.
സാമൂഹ്യപ്രവര്‍ത്തകനും ഗോദ്രയിലെ മുന്‍ കോര്‍പ്പറേറ്ററുമായ ഹനീഫ് ഹാജിയുടെ നേതൃത്വത്തിലാണ് ഹിന്ദുത്വ ഫാഷിസം ആധിപത്യം തീര്‍ത്ത മണ്ണിലും മതസാഹോദര്യത്തിന്റെ മാതൃക സൃഷ്ടിക്കുന്നത്. കൊവിഡ് പടര്‍ന്നു പിടിക്കുകയും, മരണനിരക്ക് വര്‍ധിക്കുകയും ചെയ്തതോടെ തന്നെ ഹനിഫ് ഹാജിയും സുഹൃത്തുക്കളും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ രംഗത്തിറങ്ങിയിരുന്നു. ഇതോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കൊവിഡ് -19 മൃതദേഹങ്ങളുടെ ശവസംസ്‌കാരത്തിന് അവരെ സമീപിച്ചു തുടങ്ങി. മൂന്നു സുഹൃത്തുക്കളാണ് ഹാജിക്കൊപ്പമുള്ളത്. അവര്‍ ഇതുവരെ ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും ഉള്‍പ്പെടെ മുന്നൂറോളം പേരുടെ അന്ത്യകര്‍മങ്ങള്‍ നടത്തിയിട്ടുണ്ട്.
വഡോദരയിലെ മുസ്‌ലിം സമുദായാംഗങ്ങളായ ഡോക്ടര്‍മാരും കൊവിഡ് ബാധിച്ചു മരിച്ചവരുടെ സംസ്‌കാരത്തില്‍ പങ്കാളികളാകുന്നുണ്ട്. ബറോഡ മുസ്‌ലിം ഡോക്ടേഴ്‌സ് അസോസിയേഷന്‍ (ബിഎംഡിഎ) ആണ് സംഘടനാ തലത്തില്‍ തന്നെ ശവസംസ്‌കാരം ഏറ്റെടുത്ത് നടത്തുന്നത്. ''ഞങ്ങളെ ആദ്യം സമീപിച്ചത് മരുന്നുകള്‍ നല്‍കാനാണ്, പക്ഷേ പിന്നീട് അന്ത്യകര്‍മങ്ങള്‍ ചെയ്യാനുള്ള ചുമതലയും ഏറ്റെടുത്തു. ഒരു സംഘം രൂപീകരിച്ചു, മൃതദേഹങ്ങള്‍ ശ്മശാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും അന്ത്യകര്‍മങ്ങള്‍ നടത്തുന്നതിനും ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു,' ഡോ. സുബര്‍ ഗോപലാനി പറഞ്ഞു. കൊവിഡ് ആശുപത്രികളില്‍ മരിച്ചവര്‍ക്ക് മാന്യമായ ശവസംസ്‌കാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എട്ട് പേര്‍ വീതമുള്ള മൂന്ന് സംഘത്തെയാണ് ബിഎംഡിഎ നിയോഗിച്ചത്. ഇതിനു പുറമെ അസോസിയേഷന് കീഴിലുള്ള എട്ട് ആംബുലന്‍സുകളും ആവശ്യമുള്ളപ്പോഴെല്ലാം വിട്ടുനല്‍കി. വീട്ടില്‍ വച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കാനും ബറോഡ മുസ്‌ലിം ഡോക്ടേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ എത്താറുണ്ട്.