മുസ്ലിം യുവാവിനെ തല്ലിക്കൊന്ന സംഭവം; സാംപിളില്‍ പശുമാംസത്തിന്റെ അംശമില്ലെന്ന് ലാബ് റിപോര്‍ട്ട്
പശുമാംസം പാകം ചെയ്തുവെന്ന് ആരോപിച്ച് ഹിന്ദുത്വ ഗോരക്ഷകര്‍ സാബിര്‍ മാലിക്കിനെ കൊലപ്പെടുത്തുകയായിരുന്നു
ഹരിയാന: ഓഗസ്റ്റില്‍ ഹരിയാനയിലെ ബദ്ര പട്ടണത്തില്‍ പശുക്കടത്ത് ആരോപിച്ച് ഒരു മുസ്ലീം യുവാവിനെ ഹിന്ദുത്വ ഗോരക്ഷകര്‍ തല്ലിക്കൊന്ന കേസില്‍ പുതിയ വെളിപ്പെടുത്തല്‍. ഫരീദാബാദ് ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ടിലാണ് ഹന്‍സവാസ് ഖുര്‍ദ് ഗ്രാമത്തിലെ കുടിലുകളില്‍ നിന്ന് എടുത്ത ഇറച്ചി സാമ്പിളുകളില്‍ പശുവിന്റെ മാംസത്തിന് തെളിവില്ലെന്ന് സ്ഥിരീകരിച്ചത്.
ഓഗസ്റ്റ് 27നായിരുന്നു ഈ ദാരുണസംഭവം അരങ്ങേറിയത്. പശുമാംസം പാകം ചെയ്തുവെന്ന് ആരോപിച്ച് ഹിന്ദുത്വ ഗോരക്ഷകര്‍ സാബിര്‍ മാലിക്കിനെ കൊലപ്പെടുത്തുകയായിരുന്നു.ഹന്‍സവാസ് ഖുര്‍ദിനു സമീപമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ ചൊല്ലിയുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് കൊലപാതകത്തില്‍ പ്രതികളായ പത്ത് ഹിന്ദുത്വ ഗോരക്ഷകരെ പോലിസ് അറസ്റ്റ് ചെയ്തു. അതേസമയം ആറ് പ്രതികള്‍ ഒളിവിലാണ്.
കൊലപാതകത്തിന് ശേഷം മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന സമീപത്തെ കുടിലുകളിലെ പാത്രങ്ങളില്‍ നിന്ന് പോലീസ് ഇറച്ചി സാമ്പിളുകള്‍ ശേഖരിച്ചു. അന്നത്തെ എസ്എച്ച്ഒ ജയ്ബീറിന്റെ മേല്‍നോട്ടത്തില്‍, ഈ സാമ്പിളുകള്‍ പരിശോധനയ്ക്കായി ഫരീദാബാദ് ലാബിലേക്ക് അയച്ചു, തുടര്‍ന്ന് പാത്രങ്ങളില്‍ കണ്ടെത്തിയ മാംസം പശുവിന്റേതല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.''സാബിര്‍ മാലിക് വധക്കേസില്‍ 10 പ്രതികളെ ഞങ്ങള്‍ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്, ആറ് പേരെ കൂടി കസ്റ്റഡിയിലെടുക്കാനുണ്ട്. ഫരീദാബാദില്‍ നിന്നുള്ള ലാബ് റിപ്പോര്‍ട്ട് അത് പശു ഇറച്ചി അല്ലെന്ന് സ്ഥിരീകരിച്ചു, ഞങ്ങള്‍ ഉടന്‍ കോടതിയില്‍ കേസ് അവതരിപ്പിക്കും'' ഡിഎസ്പി ഭരത്ബൂഷണ്‍ പറഞ്ഞു.