സ്‌കൂളില്‍ സുരക്ഷയില്ല; പെണ്‍കുട്ടികള്‍ പരാതിയുമായി ഹൈക്കോടതിയില്‍

സ്‌കൂളിലേക്ക് പോകുന്ന വഴി പെണ്‍കുട്ടികള്‍ക്ക് ദിനേനയെന്നോണം അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും ഹരജിയില്‍ പറയുന്നു.

Update: 2019-07-27 19:03 GMT

ഗുഡ്ഗാവ്: സ്‌കൂളില്‍ അതിക്രമിച്ച് ആളുകള്‍ കയറുന്നതിനെതിരേ ഹൈക്കോടതിയെ സമീപിച്ച് ഹരിയാനയിലെ അഞ്ചു വിദ്യാര്‍ഥിനികള്‍. സ്‌കൂളിലേക്ക് പോകുന്ന വഴി പെണ്‍കുട്ടികള്‍ക്ക് ദിനേനയെന്നോണം അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും ഹരജിയില്‍ പറയുന്നു. സര്‍ക്കാര്‍ വിദ്യാലയമായ മനേശ്വര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

സ്‌കൂളിന് സുരക്ഷാ ചുറ്റുമതില്‍ ഇല്ലാത്തതും ആവശ്യത്തിന് കാവല്‍ക്കാരില്ലാത്തതും കാരണം അതിക്രമിച്ചു കടക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചതാണ് വിദ്യാര്‍ഥികള്‍ ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്താന്‍ കാരണം. 600ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ അടുത്തിടെ മദ്യപര്‍ അതിക്രമിച്ച് കടന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. സാമൂഹികവിരുദ്ധരുടെ ശല്യം രൂക്ഷമായതോടെ ക്ലാസ് റൂമുകളിലാണ് വിദ്യാര്‍ഥികള്‍ ഏറെ നേരവും കഴിയാറ്. പുറത്തിറങ്ങാന്‍ കുട്ടികള്‍ ധൈര്യപ്പെടാറില്ല. പ്രാദേശികഭരണകൂടത്തോട് ഈ ആവശ്യവുമായി വിദ്യാര്‍ഥികള്‍ നിരവധി തവണ ബന്ധപ്പെട്ടെങ്കിലും അവഗണന തുടര്‍ന്നതോടെയാണ് ഹൈക്കോടതി സമീപിക്കാന്‍ ഒരുങ്ങിയത്. ആഗസ്ത് 2നകം വിഷയത്തില്‍ മറുപടി നല്‍കണമെന്ന് ഹരിയാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.



Similar News