ഇടുക്കി ജില്ലയ്ക്ക് മാത്രമായി ഭൂമി പതിവ് ചട്ടങ്ങളില്‍ മാറ്റം വരുത്തുന്ന കാര്യം പരിഗണനയിലില്ലെന്ന് മന്ത്രി കെ രാജന്‍

1993ലെ പ്രത്യേക ഭൂമി പതിവ് ചട്ട പ്രകാരം പട്ടയം അനുവദിച്ചിട്ടുള്ള ഭൂമികളെല്ലാം വനഭൂമികള്‍ ആയതിനാല്‍ അത്തരം ഭൂമികളില്‍ തരംമാറ്റം അനുവദിക്കുന്നതിന് നിലവില്‍ സംസ്ഥാന സര്‍ക്കാരിന് നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ല

Update: 2021-06-09 10:58 GMT

തിരുവനന്തപുരം: ഇടുക്കി ജില്ലയ്ക്ക് മാത്രമായി ഭൂമി പതിവ് ചട്ടങ്ങളില്‍ മാറ്റം വരുത്തുന്ന കാര്യം പരിഗണനയിലില്ലെന്ന് റവന്യു മന്ത്രി കെ രാജന്‍ നിയമസഭയില്‍ വ്യക്തമാക്കി. ഇടുക്കി ജില്ലക്ക് മാത്രമായി ഏര്‍പ്പെടുത്തിയിട്ടുള്ള പതിവ് ചട്ടങ്ങളിലെ നിയന്ത്രണങ്ങള്‍ എടുത്തുകളയാനാവുമോയെന്ന പിജെ ജോസഫിന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

1964ലെ കേരള ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം കൃഷിക്കും താമസത്തിനും സമീപ വസ്തുവിന്റെ ഗുണപരമായ അനുഭവത്തിനും 1993ലെ പ്രത്യേക ഭൂമി പതിവ് ചട്ടങ്ങള്‍പ്രകാരം സ്വന്തമായ കൃഷിക്കും താമസത്തിനും കടകള്‍ക്കുമാണ് പട്ടയം അനുവദിക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇതനുസരിച്ചാണ് പട്ടയം അനുവദിച്ചു വരുന്നത്. സംസ്ഥാനത്തെ പതിനാല് ജില്ലകളിലും ഇത് ഒരുപോലെ ബാധകമാണ്. ഇടുക്കി ജില്ലക്കുവേണ്ടി മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്തമായ പ്രത്യേക ചട്ടങ്ങളൊന്നും നിലവിലില്ല. പുതിയ ഭേദഗതികള്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി.

മൂന്നാര്‍ പ്രദേശത്ത് കാര്‍ഷികാവശ്യങ്ങള്‍ക്കായി പതിച്ചുകൊടുത്ത ഭൂമിയില്‍ വ്യാപകമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവന്നിരുന്നു. ഹൈക്കോടതി 2010ല്‍ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ മൂന്നാര്‍ പ്രദേശത്ത് റവന്യൂ വകുപ്പിന്റെ എന്‍ഒസി ഇല്ലാതെ യാതൊരുവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തുന്നില്ല എന്ന് റവന്യു, തദ്ദേശ സ്വയംഭരണം, പോലിസ്, വനം വകുപ്പുകള്‍ ഉറപ്പുവരുത്തേണ്ടതാണെന്ന് നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് മൂന്നാര്‍ പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ എന്‍ഒസി നിര്‍ബന്ധമാക്കിയിട്ടുണ്ട്.

1993ലെ പ്രത്യേക ഭൂമി പതിവ് ചട്ട പ്രകാരം പട്ടയം അനുവദിച്ചിട്ടുള്ള ഭൂമികള്‍ എല്ലാം വനഭൂമികള്‍ ആയതിനാല്‍ അത്തരം ഭൂമികളില്‍ തരംമാറ്റം അനുവദിക്കുന്നതിന് നിലവില്‍ സംസ്ഥാന സര്‍ക്കാരിന് നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍വാഹമില്ലാത്തതാണ്. ഇത്തരം ഭൂമികള്‍ വനഭൂമികള്‍ അല്ല എന്ന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ അത്തരം തരംമാറ്റം വരുത്തുന്നതിന് കേന്ദ്രാനുമതി ആവശ്യമാണ്. നിലവില്‍ സംസ്ഥാനമൊട്ടാകെ കാര്‍ഷികാവശ്യങ്ങള്‍ക്ക് പതിച്ചുനല്‍കിയ ഭൂമികളില്‍ തരംമാറ്റത്തിന് വിലക്കുള്ളതാണെന്നും മന്ത്രി പറഞ്ഞു.


Tags:    

Similar News