കുഴല്‍പ്പണം; തമ്മില്‍തല്ലിനു പുറമെ ബിജെപിയില്‍ രാജിവെക്കലും പോലിസ് പരാതിയും
ബിജെപി ജില്ലാ കമ്മിറ്റി പിരിച്ചുവിടണം എന്നാവശ്യപ്പെട്ട് ഒബിസി മോര്‍ച്ച ഉപാധ്യക്ഷന്‍ ഋഷി പള്‍പ്പു രംഗത്തെത്തി.
തൃശൂര്‍: കുഴല്‍പ്പണ കേസിനെ ചൊല്ലി തൃശൂര്‍ ബിജെപിയില്‍ തമ്മില്‍തല്ലിനു പുറമെ രാജിവെക്കലും പോലിസ് പരാതിയും. ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കത്തിക്കുത്തേറ്റതിനെ തുടര്‍ന്ന് നാലു പേരെ ഇന്ന് പോലിസ് പിടികൂടിയിരുന്നു. കുഴല്‍പ്പണ വിവാദം എങ്ങിനെയെങ്കിലും ഒതുക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ ശ്രമങ്ങള്‍ക്കിടെയാണ് തര്‍ക്കം തെരുവിലേക്കും കത്തിക്കുത്തിലേക്കും എത്തിയത്.
ഇതോടെ ചേരിതിരിവും വിഭാഗീയതയും കൂടുതല്‍ രൂക്ഷമായിട്ടുണ്ട്. ബിജെപി ജില്ലാ കമ്മിറ്റി പിരിച്ചുവിടണം എന്നാവശ്യപ്പെട്ട് ഒബിസി മോര്‍ച്ച ഉപാധ്യക്ഷന്‍ ഋഷി പള്‍പ്പു രംഗത്തെത്തി. ഫേസ്ബുക്കിലൂടെ ഇക്കാര്യം ആവശ്യപ്പെട്ട ഋഷി പള്‍പ്പുവിനെ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ ആര്‍ ഹരി ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നു. ഇതോടെ ജില്ലാ ജനറല്‍ സെക്രട്ടറിക്കെതിരേ ഋഷി പള്‍പ്പു പൊലീസില്‍ പരാതി നല്‍കി.
അതിനിടെ, കൊടകര കുഴല്‍പ്പണ കേസില്‍ പണവുമായെത്തിയ സംഘത്തിന് തൃശൂരില്‍ ഹോട്ടല്‍ മുറിയെടുത്ത് നല്‍കിയത് ബിജെപി ജില്ലാ നേതാക്കളുടെ നിര്‍ദേശ പ്രകാരമാണന്ന് ജില്ലാ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് പറഞ്ഞു. പണവുമായി എത്തിയ സംഘത്തിന് മുറി എടുത്ത് നല്‍കിയത് തിരൂര്‍ സതീഷാണെന്ന് ആര്‍എസ്എസ് നേതാവ് ധര്‍മ്മരാജന്‍ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് തിരൂര്‍ സതീഷിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ചേരിതിരിവ് രൂക്ഷമായതോടെ, ബിജെപി നേതാവും മുന്‍ പഞ്ചായത്ത് അംഗവുമായ കെ.ബി സംബജി രാജി പ്രഖ്യാപിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് ബിജെപി നേതാവ് രാജി പ്രഖ്യപിച്ചത്.