പരിശോധനയില്ലാതെ ഹെല്‍ത്ത് കാര്‍ഡ്: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

Update: 2023-02-02 14:23 GMT

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹെല്‍ത്ത് കാര്‍ഡ് ഒരു പരിശോധനയുമില്ലാതെ ഫീസ് വാങ്ങി നല്‍കിയ സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെ കൂടി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍മാരാണിവര്‍. സംഭവം റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടറര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ജനറല്‍ ആശുപത്രിയിലെ ആര്‍എംഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സര്‍ജനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിന് പിന്നാലെയാണ് രണ്ട് പേരെക്കൂടി സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍എംഒ ആണ് 300 രൂപ വീതം വാങ്ങി പരിശോധനയൊന്നുമില്ലാതെ ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നത്.

എഫ്എസ്എസ്എഐയുടെ വെബ് സൈറ്റില്‍ നിന്ന് മെഡിക്കല്‍ ഫിറ്റ്‌നസ് ഫോം ഡൗണ്‍ ലോഡ് ചെയ്യുക, ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശാരീക പരിശോധന, കാഴ്ച ശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വ്രണം, മുറിവ് എന്നിവയുണ്ടോ എന്ന് നോക്കാനുള്ള പരിശോധന, വാക്‌സിനെടുത്തിട്ടുണ്ടോ എന്ന പരിശോധന, പകര്‍ച്ച വ്യാധികള്‍ ഉണ്ടോ എന്നറിയാനുളള രക്ത പരിശോധന, സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ ഒപ്പും സീലും. അങ്ങനെ വലിയ കടമ്പകള്‍ക്ക് ശേഷം മാത്രം ഹെല്‍ത്ത് കാര്‍ഡ് എന്നായിരുന്നു അവകാശവാദം. എന്നാല്‍, തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍എംഒ ഇതൊന്നുമില്ലാതെ ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നുവെന്ന വാര്‍ത്തയാണ് ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്നത്.

Tags:    

Similar News