വിരലിനുപകരം നാവ് ശസ്ത്രക്രിയചെയ്തതിൽ വീഴ്ചസമ്മതിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Update: 2024-06-10 09:17 GMT

കോഴിക്കോട്: മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ നാലുവയസ്സുകാരിക്ക് കൈക്കു പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം തെറ്റു തന്നെയെന്ന് നിയമസഭയില്‍ സമ്മതിച്ച് ആഗോഗ്യമന്ത്രി വീണാ ജോര്‍ജ്. കുഞ്ഞിന്റെ കൈയുടെ ആറാം വിരല്‍ മാറ്റുന്നതിന് പകരമായി നാവിന് ടങ്ങ് ടൈ സര്‍ജറിയാണ് നടത്തിയത്. അത് തെറ്റാണ്.

ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി നേരത്തെ പുറത്തുവന്ന അന്വേഷണ റിപോര്‍ട്ടിലുണ്ടായിരുന്നു. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡിഎംഇക്ക് സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപോര്‍ട്ടിലായിരുന്നു ഇക്കാര്യമുള്ളത്. നാവിന് പ്രശ്‌നങ്ങള്‍ കണ്ടതിനാലാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍, നാവിന്റെ ശസ്ത്രക്രിയയ്ക്ക് മുമ്പ് ബന്ധുക്കളെ ഇക്കാര്യം അറിയിച്ചില്ലെന്ന് റിപോര്‍ട്ട് പറയുന്നു. വാക്കാലെങ്കിലും അറിയിക്കണമായിരുന്നെന്നും റിപോര്‍ട്ടിലുണ്ടായിരുന്നു.

കഴിഞ്ഞമാസമായിരുന്നു വിവാദസംഭവം നടന്നത്. കൈവിരലിന് ചികിത്സതേടിയെത്തിയ ചെറുവണ്ണൂര്‍ മധുരബസാര്‍ സ്വദേശികളുടെ മകള്‍ക്കാണ് നാവിന് കെട്ട് (ടങ്ങ് ടൈ) മാറ്റാനായി ശസ്ത്രക്രിയ ചെയ്തത്. പ്രതിഷേധം ശക്തമായതോടെ ആരോഗ്യമന്ത്രി അടിയന്തര റിപോര്‍ട്ട് തേടുകയും അസോസിയേറ്റ് പ്രൊഫസര്‍ ഡോ ബിജോണ്‍ ജോണ്‍സണെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

Tags:    

Similar News