രണ്ട് ദിവസത്തിനിടെ 34 മരണം; ഡല്‍ഹി ചുട്ടുപൊള്ളുന്നു, ആറ് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയര്‍ന്ന താപനില

Update: 2024-06-20 09:20 GMT

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ ഉഷ്ണതരംഗം വിലയിരുത്താന്‍ അടിയന്തര യോഗം ചേര്‍ന്ന് കേന്ദ്രം. രണ്ട് ദിവസത്തിനിടെ രാജ്യ തലസ്ഥാനത്ത് മാത്രം 34 പേര്‍ മരിച്ചതോടെയാണ് നടപടി. ആരോഗ്യ മന്ത്രി ജെ പി നദ്ദയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. 6 പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തവണ രേഖപ്പെടുത്തിയത്. ഡല്‍ഹിയിലെ ചൂട് 52 ഡിഗ്രി സെല്‍ഷ്യസ് കടന്നു. രണ്ട് ദിവസത്തിനിടെ മാത്രം 34 മരണം രേഖപ്പെടുത്തി. 51 പേരെ പാര്‍ക്കുകള്‍ ഉള്‍പ്പടെ പല സ്ഥലങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. മരണസംഖ്യ കുത്തനെ ഉയര്‍ന്നതോടെയാണ് കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടായത്. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ജെപി നദ്ദ നടത്തിയ ചര്‍ച്ചയില്‍ ഉഷ്ണതരംഗകേസുകള്‍ക്ക് മാത്രമായി ആശുപത്രികളില്‍ പ്രത്യേക യൂണിറ്റുകള്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കി. അടിയന്തര സാഹചര്യം നേരിടാന്‍ വേണ്ട മരുന്നും, ഉപകരണങ്ങളും, ആംബുലന്‍സ് അടക്കമുള്ള സംവിധാനങ്ങളും ഉറപ്പാക്കും. മരണ സംഖ്യയും ഹൃദയാഘാതം വന്നവരുടെ കണക്കും ആരോഗ്യ മന്ത്രാലയത്തിന്റ പോര്‍ട്ടലില്‍ ദിവസവും അപ്ലോഡ് ചെയ്യണം. ആശുപത്രികളിലേക്കുള്ള വൈദ്യുതി വിതരണം ഒരു കാരണവശാലും തടസ്സപ്പെടരുത് എന്ന നിര്‍ദ്ദേശവും യോഗം മുന്നോട്ട് വെച്ചു.

Tags:    

Similar News