ഹൈദരാബാദ്: കനത്ത മഴയെ തുടര്‍ന്ന് ബാച്ചുപള്ളി മേഖലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് നാല് വയസ്സുള്ള കുട്ടിയടക്കം ഏഴ് പേര്‍ മരിച്ചു. ഒഡീഷ, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് മരിച്ചതെന്നും ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്നും ബാച്ചുപള്ളി പോലിസ് അറിയിച്ചു.
ബുധനാഴ്ച പുലര്‍ച്ചെയാണ് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇവരുടെ മൃതദേഹം കണ്ടെടുത്തതെന്ന് പോലിസ് പറഞ്ഞു.
ചൊവ്വാഴ്ച നഗരത്തിലും തെലങ്കാനയുടെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തതോടെ ചില ഭാഗങ്ങളില്‍ ജനജീവിതം സ്തംഭിച്ചു. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് ഗതാഗത തടസ്സത്തിന് ഇടയാക്കി.
ഡിആര്‍എഫ് (ഡിസാസ്റ്റര്‍ റിലീഫ് ഫോഴ്‌സ്) ടീമുകളെ വിന്യസിക്കുകയും നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നതും വീണ മരങ്ങളും നീക്കം ചെയ്യുന്നതായും ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.
പ്രിന്‍സിപ്പല്‍ സെക്രട്ടറി (മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ്) ദനകിഷോറും ജിഎച്ച്എംസി കമ്മീഷണര്‍ റൊണാള്‍ഡ് റോസും വിവിധ വെള്ളക്കെട്ടുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും നഗരത്തിലെ ഗ്രൗണ്ടിലുള്ള ഡിആര്‍എഫ് ടീമുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.