മഴ ശക്തം: കോഴിക്കോട് ജില്ലയില്‍ 7 ക്യാമ്പുകള്‍ ആരംഭിച്ചു
ജില്ലയിലെ താലൂക്കുകളില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂം നമ്പറുകള്‍- 1077(കലക്ടറേറ്റ്), 0496 2522361 (വടകര),0495-2372966, (കോഴിക്കോട്), 0496-2620235 (കൊയിലാണ്ടി), 0495 2220588,0495 2223088 (താമരശേരി).
കോഴിക്കോട്: ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയില്‍ 7 ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. കോഴിക്കോട്, താമരശേരി എന്നി താലൂക്കുകളിലെ 45 കുടുംബങ്ങളിലെ 135 പേരെയാണ് ക്യാംപുകളിലേക്ക് മാറ്റിയത്. മഴ ശക്തമായതിനാല്‍ പലയിടങ്ങളിലും വീട്ടുകാര്‍ ബന്ധുവീടുകളിലേക്കും മാറിയിട്ടുണ്ട്.
കോഴിക്കോട് താലൂക്കില്‍ മാവൂര്‍ വില്ലേജിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മാവൂര്‍ ജി.എച്ച്.എസ്.എസില്‍ ക്യാംപ് തുറന്നു. രണ്ടു കുടുംബത്തിലെ നാലു പേരെയാണ് (2 പുരുഷന്മാര്, 2 സ്ത്രീകള്‍) ഇവിടേക്ക് മാറ്റിയത്. തെങ്ങിലക്കടവ് മലബാര്‍ കാന്‍സര്‍ സെന്ററിലുള്ള ക്യാമ്പിലേക്ക് 3 കുടുംബത്തിലെ 13 പേരയും (6 പുരുഷന്‍മാര്‍, 7 സ്ത്രീകള്‍), മാവൂര്‍ ജി.എം.യു.പി സ്‌കൂളില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെയും (1 പുരുഷന്‍ 2 സ്ത്രീകള്‍, 2 കുട്ടികള്‍), കച്ചേരിക്കുന്ന് അംഗന്‍വാടിയില്‍ രണ്ട് കുടുംബത്തിലെ 7 പേരെയുമാണ് (4 പുരുഷന്മാര്‍, 3 സ്ത്രീകള്‍) ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചത്. വെള്ളപ്പൊക്ക ഭീഷണിയുള്ള രണ്ട് കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്ക് മാറി. പെരുവയല്‍ വില്ലേജില്‍ ചെറുകുളത്തുര്‍ വെസ്റ്റ് അംഗന്‍വാടിയില്‍ ഒരു കുടുംബത്തിലെ ആറ് പേരെയും (2 പുരുഷന്മാര്‍, 3 സ്ത്രീകള്‍, 1 കുട്ടി) മാറ്റി താമസിപ്പിച്ചു.
താമരശേരി താലൂക്കിലെ രണ്ടു വില്ലേജുകളിലായി രണ്ടു ദുരിതാശ്വാസ ക്യാംപുകളാണ് ആരംഭിച്ചത്. ഇരു ക്യാംപുകളിലുമായി 34 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. തിരുവമ്പാടി വില്ലേജിലെ മുത്തപ്പന്‍പുഴ സെന്റ് സെബാസ്റ്റ്യന്‍ എഎല്‍പി സ്‌കൂള്‍, കോടഞ്ചേരി വില്ലേജില്‍ ചെമ്പുകടവ് ജിയുപി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ ആരംഭിച്ചത്. കനത്ത മഴയും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാലുമാണ് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചത്. മുത്തപ്പന്‍പ്പുഴ ആദിവാസി കോളനിയിലെ ആറ് കുടുംബങ്ങളിലായി 18 പേരാണ് (പുരുഷന്മാര്‍-9, സ്ത്രീകള്‍-8, കുട്ടികള്‍-1) മുത്തപ്പന്‍പുഴ സ്‌കൂളിലെ ക്യാമ്പിലുള്ളത്. വെണ്ടേക്കുംപൊയില്‍ ആദിവാസി കോളനിയില്‍ നിന്നുള്ള 28 കുടുംബങ്ങളിലെ 82 പേരെയാണ് (പുരുഷന്മാര്-22, സ്ത്രീകള്‍-30, കുട്ടികള്‍-30) ചെമ്പുകടവ് സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റിയത്.
വടകര താലൂക്കില്‍ പ്രളയ ഭീഷണിയുള്ള പ്രദേശങ്ങളില്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി കക്കയം, കുറ്റ്യാടി ഡാം പരിസരത്തള്ളവരെ മാറ്റി പാര്‍പ്പിക്കാനാവശ്യമായ നടപടി സ്വീകരിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. മരുതോങ്കര, മണിയൂര്‍, തിരുവള്ളൂര്‍, പാലയാട്, കോട്ടപ്പള്ളി, വേളം, ആയഞ്ചേരി വില്ലേജുകളിലെ ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. മലയോര മേഖലകളായ വിലങ്ങാട്, കാവിലുംപാറ, തിനൂര്‍, മരുതോങ്കര, വാണിമേല്‍ മേഖലകളിലും ഉരുള്‍പൊട്ടല്‍ സാധ്യത മുന്നില്‍ കണ്ട് പ്രദേശത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിലങ്ങാട് അപകടമേഖലയിലുള്ള ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതാണെന്നും അറിയിച്ചു. അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ കുറിച്ചിക്കര, കോവുക്കല്‍കടവ്, കക്കടവ്, മോന്താല്‍ കടവ് എന്നീ പ്രദേശങ്ങളില്‍ ശക്തമായ മഴയെ തുടര്‍ന്ന് വെള്ളം കയറുന്ന സ്ഥിതിയാണ്. ഇവിടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി ജയന്‍, അഴിയൂര്‍ വില്ലേജ് ഓഫീസര്‍ റനീഷ്‌കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. കൊയിലാണ്ടി താലൂക്കില്‍ ഒരു വീട് പൂര്‍ണമായും 13 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ചെമ്പനോട വില്ലേജില്‍ പൂഴിത്തോട് ഈങ്ങോറച്ചാലില്‍ സുമിത്രയുടെ വീടാണ് ശക്തമായ മഴയില്‍ പൂര്‍ണമായും തകര്‍ന്നത്.
ജില്ലയിലെ താലൂക്കുകളില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂം നമ്പറുകള്‍- 1077(കലക്ടറേറ്റ്), 0496 2522361 (വടകര),0495-2372966, (കോഴിക്കോട്), 0496-2620235 (കൊയിലാണ്ടി), 0495 2220588,0495 2223088 (താമരശേരി).