ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന കശ്മീരി നേതാവ് സയ്യിദ് അലി ഷാ ഗിലാനിയെ ഇന്ന് പുലര്‍ച്ചെ ശ്രീനഗർ ഹൈദര്‍പോരയില്‍ ഖബറടക്കി. പുലര്‍ച്ചെ നാലരക്കായിരുന്നു കനത്ത സുരക്ഷാസന്നാഹങ്ങളോടെയുള്ള ഖബറടക്കം. ഗിലാനിയുടെ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും മാത്രമേ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിച്ചുള്ളു. ഖബറിടത്തിലേക്കുള്ള എല്ലാ വഴികളും പോലിസ് അടച്ചിരുന്നു.
ബുധനാഴ്ചയാണ് ശ്രീഗറിലെ സ്വന്തം വസതിയില്‍ വച്ച് അദ്ദേഹം അന്തരിച്ചത്. 91 വയസ്സായിരുന്നു. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു. ജീവിതത്തില്‍ രണ്ട് ദശകങ്ങളോളം അദ്ദേഹം ജയിലിലാണ് കഴിച്ചുകൂട്ടിയത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം വീട്ടുതടങ്കലിലാക്കി. കഴിഞ്ഞ വര്‍ഷമാണ് മോചിപ്പിച്ചത്.
സംസ്‌കാരച്ചടങ്ങുകളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനാനുമതിയുണ്ടായിരുന്നില്ല. പ്രദേശത്ത് മാത്രമല്ല, കശ്മീരിലുടനീളം നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇന്റര്‍നെറ്റ്, മൊബൈല്‍ സര്‍വീസുകളും നിയന്ത്രിച്ചു. ഭാരത് സന്‍ചാര്‍ നിഗം ലിമിറ്റഡിന്റെ പോസ്റ്റ് പെയ്ഡ് സര്‍വീസ് മാത്രമേ പ്രവര്‍ച്ചിരുന്നുള്ളൂ.
ഹൈദര്‍പോറയിലേക്കുള്ള എല്ലാ റോഡുകളും സുരക്ഷാസേന അടച്ചുപൂട്ടിയിരുന്നു. പലയിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. പ്രധാന നഗരങ്ങളില്‍ വാഹനഗതാഗതം അനുവദിച്ചിരുന്നില്ല.
ഗിലാനി ഹുര്‍റിയത്തിന്റെ ആജീവനാന്ത ചെയര്‍മാനായിരുന്നു. അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് നേരത്തെ ആള്‍ പാര്‍ട്ടി ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് വിട്ടു. സോപോറില്‍ നിന്ന് മൂന്നു തവണ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ട ഗിലാനി കശ്മീരില്‍ ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിച്ചത്.
ജമ്മു കശ്മീരിലെ വിമോചന പാര്‍ട്ടികളുടെ കൂട്ടായ്മയായ ഓള്‍ പാര്‍ട്ടീസ് ഹുര്‍റിയത്ത് കോണ്‍ഫറന്‍സിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.