ന്യുഡല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വ്യോമസേനാ സംഘം ഇന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിനെ കാണും. രാവിലെ 11 മണിയോടെയാണ് കൂടിക്കാഴ്ച.
ഡിസംബര്‍ 8ാം തിയ്യതി തമിഴ്‌നാട്ടിലെ നീലഗിരി കുന്നുകളിലാണ് ജനറല്‍ ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ചിരുന്ന വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. അപകടത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ മധുലിക അടക്കം 14 പേര്‍ കൊല്ലപ്പെട്ടു.
അന്വേഷണസംഘത്തിന്റെ വിലയിരുത്തലിനെക്കുറിച്ച് സര്‍ക്കാരോ വ്യോമസേനയോ ഇതുവരെ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. ദൃശ്യതക്കുറവും കാലാവസ്ഥാ പ്രശ്‌നവുമാണ് അപകടകാരണമെന്നാണ് റിപോര്‍ട്ടിലെ നിഗമനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണോ എന്നത് വ്യക്തമല്ല.
എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
കോയമ്പത്തൂരിലെ സുലൂരില്‍ നിന്ന് കൂനൂര്‍ ഡിഫന്‍സ് സ്റ്റാഫ് കോളജിലേക്കുള്ള യാത്രക്കിടയിലാണ് ഇന്ന് ഉച്ചയോടെ കൂനൂരിലെ നീലഗിരി മലനിരകളില്‍ എംഐ 17 വി 5 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.
വെല്ലിങ്ടണിലെ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളജില്‍ കാഡറ്റുകളുമായി നടക്കുന്ന സംവാദത്തില്‍ പങ്കെടുക്കാനാണ് കോയമ്പത്തൂരിലെ സുലൂരില്‍ നിന്ന് റാവത്തും സംഘവും പുറപ്പെട്ടത്. കോളജിന്റെ പത്ത് കിലോമീറ്റര്‍ അകലെവച്ചാണ് ചോപ്പര്‍ തകര്‍ന്നുവീണത്. ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡെര്‍, എസ്എം, വിഎസ്എം, ലഫ്റ്റനന്റ് കേണല്‍ ഹരിജിന്ദര്‍ സിങ്, എന്‍ കെ ഗുര്‍സേവക് സിങ്, എന്‍ കെ ജിതേന്ദ്ര കുമാര്‍, വിവേക് കുമാര്‍, ബി സായ് തേജ ,ഹാവ് സത്പാല്‍, കൂടാതെ അഞ്ച് ഹെലികോപ്റ്റര്‍ ജോലിക്കാര്‍ എന്നിവരാണ് ചോപ്പറിലുണ്ടായിരുന്നത്.
2019 ജനുവരിയിലാണ് ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി ജനറല്‍ റാവത്ത് (63) ചുമതലയേറ്റത്. പുതുതായി രൂപീകരിച്ച സൈനിക കാര്യ വകുപ്പിന്റെ തലവനായും അദ്ദേഹത്തെ നിയമിച്ചു.