
ബെയ്‌റൂത്ത്: ഇസ്രായേല്‍ നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെങ്കില്‍ ബദല്‍ വഴി തേടുമെന്ന് ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ശെയ്ഖ് നഈം ഖാസിം. ഫലസ്തീന് പിന്തുണ പ്രഖ്യാപിക്കാനുള്ള അന്താരാഷ്ട്ര ഖുദ്‌സ് ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീന്റെ മോചനം ഹിസ്ബുല്ലയുടെ ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സയ്യിദ് ഹസന്‍ നസറുല്ല അടക്കം നൂറുകണക്കിന് പേരാണ് ആ ലക്ഷ്യത്തിന് വേണ്ടി രക്തസാക്ഷികളായത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുന്നതും ഫലസ്തീനെ പിന്തുണയ്ക്കുന്നതുമാണ് ലബ്‌നാന്റെ ഏറ്റവും മികച്ച താല്‍പര്യമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. എല്ലാ പരിധികളും മറികടക്കുന്ന ഒരു ശത്രുവാണ് ഇസ്രായേല്‍. അതിനാല്‍, പ്രതിരോധത്തില്‍ ജാഗ്രത പുലര്‍ത്തണം. വെടിനിര്‍ത്തല്‍ കരാര്‍ ഹിസ്ബുല്ല പാലിച്ചെങ്കിലും ഇസ്രായേല്‍ പാലിച്ചില്ല. അതിനാല്‍, ആക്രമണങ്ങള്‍ തുടരുകയാണെങ്കില്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.