മുണ്ടക്കൈ ദുരന്തത്തില്‍പ്പെട്ടവര്‍ക്കായുള്ള ടൗണ്‍ഷിപിനായി ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി

Update: 2024-12-27 07:52 GMT

കൊച്ചി: വയനാട്ടിലെ ദുരന്തബാധിതരായ ആളുകളെ പുനരധിവസിപ്പിക്കുന്നതിനായി സര്‍ക്കാരിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകള്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. എല്‍സ്റ്റണ്‍, ഹാരിസണ്‍ എസ്റ്റേറ്റുകള്‍ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്. ഉടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്റെ നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഏക്കര്‍ ഭൂമി, കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ കല്‍പറ്റ ബൈപ്പാസിനോട് ചേര്‍ന്ന പുല്‍പാറ ഡിവിഷനിലെ 78.73 ഏക്കര്‍ ഭൂമി എന്നിവയാണ് മുണ്ടക്കൈ-ചൂരല്‍ മല ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് ടൗണ്‍ഷിപ്പ് നിര്‍മാണത്തിനായി ഏറ്റെടുക്കുന്നത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവും പുറത്തിറങ്ങിയതാണ്. ഇതിനിടെയാണ് ഭൂമിയേറ്റെടുക്കലിനെതിരേ എല്‍സ്റ്റണ്‍, ഹാരിസണ്‍ എസ്റ്റേറ്റുകള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതി വിധി മനുഷ്യരുടെ ഹൃദയമറിയുന്നതും ദുരന്തനിവാരണ പ്രക്രിയയില്‍ സര്‍ക്കാരിന്റെ വികാരം കോടതി പൂര്‍ണമായും തിരിച്ചറിഞ്ഞതിന്റേയും തെളിവാണെന്ന് സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു.

Tags:    

Similar News