'ഹിജാബ് അടിച്ചമര്‍ത്തലിന്റെയല്ല അന്തസ്സിന്റെ പ്രതീകം'; ഹിജാബിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കാന്‍ ശ്രമിക്കണമെന്ന് സ്ത്രീകളോട് മുസ് ലിം വ്യക്തിനിയമ ബോര്‍ഡ്
ലഖ്‌നോ; ഹിജാബിനും പര്‍ദ്ദക്കുമെതിരേയുള്ള തെറ്റിദ്ധാരണകള്‍ നീക്കാന്‍ ശ്രമം നടത്തണമെന്ന് മുസ് ലിം സ്ത്രീകളോട് മുസ് ലിം വ്യക്തി നിയമ ബോര്‍ഡ്. ഹിജാബ് നിരോധനത്തിനെതിരേ നടക്കുന്ന പ്രതിഷേധങ്ങള്‍ വിദ്വേഷ പ്രചാരണത്തിനുള്ള അവസരമാക്കിയെടുക്കുന്നത് ഒഴിവാക്കാനുള്ള മാര്‍ഗവും അതാണെന്ന് ബോര്‍ഡ് വ്യക്തമാക്കി.
'പ്രിയ സഹോദരിമാരേ, ഹിജാബിനെക്കുറിച്ച് അറിയിക്കാനും മുന്‍വിധി ഇല്ലാതാക്കാനും ഈ സമയം ഉപയോഗപ്പെടുത്തുക. ഹിജാബ് അടിച്ചമര്‍ത്തപ്പെട്ടതിന്റേതല്ല, അന്തസ്സിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമാണെന്ന് ബോധ്യപ്പെടുത്തുക. നിങ്ങളുടെ വിജയം എല്ലാ മുസ് ലിംകളുടെയും വിജയമാണ്'- ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന ഉംറൈന്‍ മഹ്ഫൂസ് റഹ്മാനി പറഞ്ഞു.
മുസ് ലിം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്, ബഹുമാനവും ലഭിക്കുന്നു. സ്വര്‍ഗം അവരുടെ കാല്‍ക്കീഴിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പര്‍ദ്ദ ഒരു മുസ്‌ലിമിന്റെയും മാന്യയായ സ്ത്രീയുടെയും വ്യക്തിത്വമാണ്. സമൂഹത്തിന്റെ പൈശാചിക വശങ്ങളില്‍ നിന്ന് അത് സംരക്ഷണം നല്‍കുന്നു. നൂറ്റാണ്ടുകളായി, നഗ്‌നതയെ സ്വീകരിക്കുന്ന സമൂഹം അല്ലാഹുവിന്റെ ശാപവും ക്രോധവും മൂലം നശിപ്പിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു'- അദ്ദേഹം പറയുന്നു.
വീട്ടില്‍ നിന്ന് പുറത്തുകടക്കാന്‍ ഇസ് ലാം, സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. അന്തസ്സിന് തടസ്സവുമില്ലാത്ത വിധത്തില്‍ പുറത്തുപോകുന്നതാണ് ഇസ് ലാം ഇഷ്ടപ്പെടുന്നതെന്ന് മൌലാന ഉംറൈന്‍ മഹ്ഫൂസ് റഹ്മാനി പറഞ്ഞു.