ഷിംല: ഹിമാചല്‍ പ്രദേശില്‍ കൂറുമാറിയതിനെ തുടര്‍ന്ന് അയോഗ്യരാക്കപ്പെട്ട നാല് മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ ദനയീയ പരാജയം. ബിജെപി ടിക്കറ്റില്‍ മത്സരിച്ച ആറു പേരില്‍ നാലു പേരാണ് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. രാജ്യസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരെ വോട്ട് ചെയ്തതിന് കോണ്‍ഗ്രസ് പുറത്താക്കിയ ആറു എംഎല്‍എമാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
രജീന്ദര്‍ റാണ, സുധീര്‍ ശര്‍മ, ദേവീന്ദര്‍ കുമാര്‍ ഭൂട്ടോ, ചൈതന്യ ശര്‍മ, ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, രവി താക്കൂര്‍ എന്നിവരാണ് ബിജെപി ടിക്കറ്റില്‍ ജനവിധി തേടിയത്. ഇതില്‍ ഇന്ദര്‍ദത്ത് ലഖന്‍പാല്‍ ബര്‍സാര്‍, സുധീര്‍ ശര്‍മ ധരംശാല എന്നീ രണ്ടു പേര്‍ മാത്രമാണ് വിജയിച്ചത്.
വാശിയേറിയ ഉപതിരഞ്ഞെടുപ്പില്‍ സുജന്‍പൂര്‍, ലഹൗല്‍ സ്പിറ്റി, ഗാഗ്രെത്, കട് ലെഹാര്‍ മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് പിടിച്ചപ്പോള്‍ ബര്‍സാര്‍, ധരംശാല എന്നിവിടങ്ങളില്‍ ബിജെപി ആശ്വാസ വിജയം നേടി. കാപ്റ്റിയന്‍ രഞ്ജിത് സിങ്‌സുജന്‍പൂര്‍, അനുരാധ റാണ ലഹൗല്‍ സ്പിറ്റി, രാകേഷ് കാലിയ ഗാഗ്രെത്, വിവേക് ശര്‍മ (വിക്കു) കട് ലെഹാര്‍ എന്നിവരാണ് ജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍.
ഹിമാചല്‍ പ്രദേശിലെ ആറു മണ്ഡലങ്ങളില്‍ നാലിടത്ത് ജയിച്ച് കോണ്‍ഗ്രസ് സഭയില്‍ ഭൂരിപക്ഷം ഉറപ്പാക്കി. 68 അംഗ സഭയില്‍ 34 ആയിരുന്ന പ്രാതിനിധ്യം 38 ആക്കി ഉയര്‍ത്തിയപ്പോള്‍ രണ്ടിടത്ത് ജയിച്ച ബിജെപിക്ക് 27 എംഎല്‍എമാരായി. ആറിടത്തും ജയിച്ച് ഹിമാചലില്‍ ഭരണം പിടിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്കാണ് ഇതോടെ തിരിച്ചടിയായത്.