ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ട്: അദാനി ഗ്രൂപ്പിനെതിരായ ഹരജികള്‍ ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദാനി ഗ്രൂപ്പിനെതിരേ നല്‍കിയ ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിനു മുന്നില്‍ അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഇന്നലെ വിഷയം ഉന്നയിച്ചത്. ഹരജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് വിരമിച്ച സുപ്രിംകോടതി ജഡ്ജി അധ്യക്ഷനായ സമിതി അന്വേഷിക്കണമെന്നാണ് തിവാരിയുടെ ഹരജിയിലെ പ്രധാന ആവശ്യം.
തിവാരിയുടെ ഹരജിയും ഇതുമായി ബന്ധപ്പെട്ട ഹരജിയുമായി ചേര്‍ത്ത് വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അഭിഭാഷകനായ എം എല്‍ ശര്‍മയാണ് ഇതേ വിഷയത്തില്‍ മറ്റൊരു ഹരജി നല്‍കിയിരിക്കുന്നത്. ഹിന്‍ഡന്‍ബര്‍ഗ് സ്ഥാപകന്‍ നഥാന്‍ ആന്‍ഡേഴ്‌സണെതിരേ അന്വേഷണം വേണമെന്നാണ് ശര്‍മയുടെ ആവശ്യം. ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് നടത്തിയ തിരിമറികള്‍ സംബന്ധിച്ച അമേരിക്കന്‍ റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപോര്‍ട്ടാണ് ഹരജിക്കാധാരം.