ഹൈദരാബാദ്: രാജ്യത്ത് വര്‍ധിക്കുന്ന കുട്ടികള്‍ക്ക് നേരെയുള്ള ബലാല്‍സംഗ അതിക്രമങ്ങള്‍ തടായന്‍ പശുക്കളെ ആരാധിച്ച് ഹൈദരബാദിലെ പൂജാരികള്‍. ചില്‍കൂര്‍ ബാലാജി ക്ഷേത്രത്തിലാണ് പരിക്രമ എന്ന പേരില്‍ മൂന്ന് പശുക്കളെ വച്ച് ആരാധിക്കുന്ന പ്രാര്‍ത്ഥനാ ചടങ്ങ് നടന്നത്. പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാന്‍ പശുക്കളെ ആരാധിക്കുന്നത് പഴയ രീതിയാണ്. അതുകൊണ്ടാണ് കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ വീണ്ടും പശുക്കളെ ആരാധിക്കാന്‍ തീരുമാനിച്ചതെന്ന് പൂജാരി രംഗ രാജന്‍ പ്രതികരിച്ചു.
ബലാല്‍സംഗത്തിന് കാരണമായി നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തെയാണ് ഇവര്‍ കുറ്റപ്പെടുത്തുന്നത്. പാശ്ചാത്യ വിദ്യാഭ്യാസ രീതികള്‍ അവലംബിച്ചു തുടങ്ങിയതിന് ശേഷമാണ് കുട്ടികള്‍ക്ക് നേരെയുളള പീഡനക്കേസുകള്‍ വര്‍ധിച്ചതെന്നാണ് ഇവരുടെ പക്ഷം. ടിവിയിലും സോഷ്യല്‍മീഡിയയിലും ഇതുസംബന്ധിച്ചുള്ള വാര്‍ത്തകളാണെന്നും പൂജാരിമാര്‍ അഭിപ്രായപ്പെട്ടു.
പുരാണ ഇന്ത്യയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങളൊന്നും സാഹിത്യരേഖകളില്‍ രേഖപ്പെടുത്തിയിട്ടില്ല എന്നാല്‍ ഇന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് ഇത് തടയേണ്ടത് സമൂഹനന്മയ്ക്ക് ആവശ്യമാണ്. അതിനാലാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് പൂജാരിമാര്‍ കൂട്ടിച്ചേര്‍ത്തു.