'വെള്ളം കയറിയപ്പോള്‍ ബസ്സുപേക്ഷിച്ച് ഞാന്‍ ഓടിയില്ല'; ഫേസ്ബുക്കില്‍ അമര്‍ഷം പങ്കുവച്ച് സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി ഡ്രൈവര്‍
ഈരാറ്റുപേട്ട: പ്രകൃതി ദുരന്തത്തില്‍ യാദൃച്ഛികമായി പെട്ടുപോയതിന് സസ്‌പെന്‍ഡ് ചെയ്ത മാനേജ്‌മെന്റിനെതിരേ കെഎസ്ആര്‍ടിസി ഡ്രൈവറുടെ അമര്‍ഷവും പരിഹാസവും. ഈരാറ്റുപേട്ട സെന്റ്‌മേരീസ് പള്ളിക്കു സമീപം വെള്ളക്കെട്ടില്‍ കുടുങ്ങിയ ബസ് ഓടിച്ചതിന് സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജയ്ദീപ് സെബാസ്റ്റ്യനാണ് തനിക്കുനേരെയുണ്ടായത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടി പരിഹാസവും അമര്‍ഷവും രേഖപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. അത്തരത്തിലുള്ള നിരവധി പോസ്റ്റുകളാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. അഷ്ടിക്ക് വകയില്ലാത്ത കമ്പനിയുടെ പിടിപ്പുകേടിനെയും അദ്ദേഹം പോസ്റ്റില്‍ കളിയാക്കുന്നുണ്ട്.
താന്‍ മനപ്പൂര്‍വ്വം ബസ് വെള്ളത്തിലേക്കെടുത്തതല്ലെന്നും വെള്ളത്തില്‍ പെട്ടുപോയതാണെന്നതിന് തെളിവായി ഒരു വീഡിയോയും ജയ്ദീപ് പങ്കുവച്ചിട്ടുണ്ട്. ''പെട്ടെന്ന് വെള്ളം കയറുന്ന ഈ വീഡിയോ ദയവായി കാണുക. ഞാന്‍ ആത്മധൈര്യത്തോടെ പെരുമാറുന്നതും ശ്രദ്ധിക്കുക. ഞാന്‍ ചാടി ഓടിയോ എന്ന് ശ്രദ്ധിക്ക്. എനിക്ക് ചാടി നീന്തി പോകാന്‍ അറിയത്തില്ലാഞ്ഞിട്ടല്ല. എല്ലാവരെയും പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കണമെന്നതായിരുന്നു എന്റെ ലക്ഷ്യം. യാത്രക്കാര്‍ എന്നേ ചീത്ത പറഞ്ഞോ, പറയുന്നുണ്ടോ, എന്നും ശ്രദ്ധിക്ക്.ഞാന്‍ എന്റെ സ്വന്തം ഇഷ്ട പ്രകാരം ചെയ്തതായിരുന്നെങ്കില്‍ യാത്രക്കാര്‍ ഇങ്ങനെ വീഡിയോ പിടിക്കുമായിരുന്നോ? എന്നേ ഉപദ്രവിക്കുകയില്ലായിരുന്നോ? എന്നും കണ്ട് മനസിലാക്കുക''- അദ്ദേഹം എഴുതുന്നു.
അതിനു താഴെയുള്ള പോസ്റ്റില്‍ തനിക്ക് അവധി തരാത്ത മാനേജ്‌മെന്റ് ഇപ്പോള്‍ നിര്‍ബന്ധിത അവധി തന്നിരിക്കുകയാണെന്നും അദ്ദേഹം പരിഹസിക്കുന്നുണ്ട്: ''
കെയിലെ എന്നേ സസ്‌പെന്റ് ചെയ്ത കൊണാണ്ടന്‍മാര്‍ അറിയാന്‍ ഒരു കാര്യം. എപ്പോളും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അദ്ധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്‌പെന്റ് ചെയ്ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാന്‍ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക.ഹ ഹ ഹ ഹാ...''
തന്നെ സസ്‌പെന്‍ഡ് ചെയ്ത വാര്‍ത്തയിലുണ്ടായ 'സന്തോഷം' തബല പെരുക്കി ആഘോഷിക്കുന്നുവെന്ന് മറ്റൊരു പോസ്റ്റില്‍ പറയുന്നു.