മമത ജയിച്ചാല്‍ ബംഗാള്‍ മിനി പാകിസ്താനാവുമെന്ന് സുവേന്ദു അധികാരി

Update: 2021-03-29 10:40 GMT

നന്ദിഗ്രാം: തിരഞ്ഞെടുപ്പ് അടുത്തതോടെ ബംഗാളിലെ ഏറ്റവും ശ്രദ്ധേയമായ മല്‍സരം നടക്കുന്ന നന്ദിഗ്രാമില്‍ മമതാ ബാനര്‍ജിയും സുവേന്ദു അധികാരിയും തമ്മിലുള്ള പോരാട്ടം വ്യക്തിപരമായ പരാമര്‍ശങ്ങളിലേക്ക് നീങ്ങുന്നു. മമതയുടെ നയങ്ങള്‍ മുസ്‌ലിം പ്രീണനമാണെന്നും അവര്‍ എല്ലാവര്‍ക്കും ഈദ് മുബാറക് ആശംസിക്കുന്നതുപോലെ ഹോളി മുബാറക്ക് ആശംസിക്കുകയാണെന്നും തികഞ്ഞ പ്രീണനമാണ് നടത്തുന്നതെന്നും സുവേന്ദു ആവര്‍ത്തിച്ചു.

''ബീഗത്തിന് വോട്ടു ചെയ്യരുത്. ചെയ്താല്‍ അവര്‍ രാജ്യത്തെ മിനി പാകിസ്താനാക്കും. ബീഗത്തിന് സൂഫിയാനെയല്ലാതെ ആര്‍ക്കും അറിയില്ല''- സുവേന്ദു ആരോപിച്ചു. മമതയെയാണ് സുവേന്ദു, ബീഗം എന്ന് വിശേഷിപ്പിക്കുന്നത്.

നന്ദിഗ്രാമില്‍ പര്യടനം നടത്തുന്നതിനിടയില്‍ ഖോദംബരി ക്ഷേത്രം സന്ദര്‍ശിക്കുന്നതിനിടയിലാണ് അധികാരി മമതയ്‌ക്കെതിരേ ആഞ്ഞടിച്ചത്. ഇന്ന് ഖോദംബരി ക്ഷേത്രം സ്ഥിതിചെയ്യുന്ന നഗരത്തിലാണ് മമതയുടെ റാലി നടക്കുന്നത്.

ബീഗത്തിന് തോല്‍ക്കുമോയെന്ന ഭീതി മസ്സിലുണ്ടായിക്കഴിഞ്ഞു. അതുകൊണ്ടാണ് ഇപ്പോള്‍ അവര്‍ ക്ഷേത്രങ്ങളില്‍ ആരാധന നടത്താന്‍ പോകുന്നതെന്ന് സുവേന്ദു പരിഹസിച്ചു.

ബിജെപി ബംഗാളിലേക്ക് ഗുണ്ടകളെ ഇറക്കുമതി ചെയ്തിരിക്കുകയാണെന്നാണ് ഇതിനു പകരമായി മമതയുടെ ആരോപണം. ഗുണ്ടകള്‍ ബംഗാളികളെ നാട്ടില്‍നിന്ന് പുറത്താക്കുമെന്നും മുഖ്യമന്ത്രി ആരോപിച്ചു.

വരുന്ന വ്യാഴാഴ്ചയാണ് നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ്.

തൃണമൂലിന്റെ മുതിര്‍ന്ന നേതാവും ഇപ്പോഴത്തെ മന്ത്രിസഭയിലെ പ്രമുഖ അംഗവുമായിരുന്ന സുവേന്ദു അധികാരി മാസങ്ങള്‍ക്കുമുമ്പാണ് മന്ത്രിസ്ഥാനവും എംഎല്‍എസ്ഥാനവും രാജിവച്ച് ബിജെപിയിലേക്ക് ചേക്കേറിയത്.

Tags:    

Similar News