അനധികൃത ബാര്‍ഹോട്ടല്‍ വിവാദം: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്മൃതി ഇറാനിയുടെ വക്കീല്‍ നോട്ടിസ്
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനി മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ വക്കീല്‍നോട്ടിസ് അയച്ചു. സ്മൃതി ഇറാനിയുടെ 18കാരിയായ മകള്‍ ഗോവയില്‍ അനധികൃത ബാര്‍ഹോട്ടല്‍ നടത്തുന്നുവെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണങ്ങള്‍ക്കെതിരേയാണ് നോട്ടിസ് അയച്ചത്. പവന്‍ ഖേര, ജയറാം രമേഷ്, നെറ്റ ഡിസൂസ എന്നിവര്‍ക്കാണ് നോട്ടിസ് അയച്ചത്. ആരോപണം പിന്‍വലിച്ച് മാപ്പ് എഴുതി നല്‍കണമെന്നാണ് ആവശ്യം.
വ്യാജ ആരോപണങ്ങള്‍ തന്റെ കക്ഷിയുടെയും മകളുടെയും സ്ത്രീത്വത്തിനും അന്തസ്സിനുമെതിരേയുള്ള ആക്രമണമാണെന്ന് നോട്ടിസില്‍ പറയുന്നു. സ്മൃതി ഇറാനിയുടെ മകള്‍ സോയിഷ് ഇറാനി ബാര്‍ ഹോട്ടല്‍ നടത്തുന്നില്ലെന്ന് നോട്ടിസില്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്.
ഗോവയിലെ വിവാദ ഹോട്ടലിന്റെ ബോര്‍ഡില്‍നിന്ന് ബാര്‍ എന്ന വാക്ക് മറച്ചുവച്ചത് ചുരണ്ടിമാറ്റുന്ന വീഡിയോ യൂത്ത് കോണ്‍ഗ്രസ് നേതാവ് ബി വൈ ശ്രീനിവാസ് ട്വിറ്ററില്‍ പങ്കുവച്ചു.
So, @IYCGoa Workers visited Tulsi Sanskari Bar & removed the tapes concealing the identity of BAR after the Exposé. pic.twitter.com/iqkiE8d47L
— Srinivas BV (@srinivasiyc) July 24, 2022
തന്റെ മകളുടെ അന്തസ്സിനെ കോണ്‍ഗ്രസ് നേതാക്കള്‍ ഇടിച്ചുതാഴ്ത്താന്‍ ശ്രമിച്ചെന്നും അതിനെതിരേ കോടതിയെ സമീപിക്കുമെന്നും കഴിഞ്ഞ ദിവസം സ്മൃതി ഇറാനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വിവാദ ഹോട്ടലായ സില്ലി സോള്‍ ഗോവയുടെ ഉടമസ്ഥയും ലൈസന്‍സിയും തന്റെ മകളല്ലെന്നാണ് സ്മൃതിയുടെ വാദം. എന്നാല്‍ മരിച്ചുപോയ ഒരാളുടെ പേരിലുള്ള ലൈസന്‍സ് മകള്‍ സ്വന്തമാക്കുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാദം.
ഈ ഹോട്ടലിനെതിരേ ഗോവ എക്‌സൈസ് വകുപ്പ് നല്‍കിയ കാരണംകാണിക്കല്‍ നോട്ടിസും കോണ്‍ഗ്രസ് പുറത്തുവിട്ടു. ബിജെപിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് നോട്ടിസ് പിന്നീട് പിന്‍വലിച്ചെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
ഹോട്ടല്‍ മകളുടേതാണെന്ന് തെളിയിക്കുന്നതിന്റെ ഭാഗമായി ഒരു ഫുഡ് വ്‌ളോഗര്‍ മകള്‍ സോയിഷ് ഇറാനിയുമായി നടത്തിയ അഭിമുഖവും കോണ്‍ഗ്രസ് പുറത്തുവിട്ടു.