മൂന്നാറില്‍ അനധികൃത നിര്‍മാണം; 2018ന് ശേഷമുള്ള എന്‍ഒസികള്‍ റദ്ദാക്കാന്‍ ശുപാര്‍ശ
ഇടുക്കിയിലെ എട്ട് താലൂക്കുകളില്‍ പൂര്‍ണമായി നിര്‍മാണ നിരോധനം ഉണ്ടായിരുന്നു. ഇത് സര്‍ക്കാര്‍ ഇടപെട്ട് മാറ്റി.
മൂന്നാര്‍: മൂന്നാറില്‍ എന്‍ഒസിയുടെ മറവില്‍ അനധികൃത കെട്ടിട നിര്‍മാണം നടന്നതായി ദേവികുളം സബ് കളക്ടറുടെ റിപോര്‍ട്ട്. വിശദമായ റിപ്പോര്‍ട്ട് ഇടുക്കി കലക്ടര്‍ക്ക് സമര്‍പ്പിച്ചു. 2018ന് ശേഷം വില്ലേജ് ഓഫിസര്‍മാര്‍ നല്‍കിയ എന്‍ഒസികളും റദ്ദാക്കണമെന്ന് ശുപാര്‍ശ ചെയ്തു.
ഇടുക്കിയിലെ എട്ട് താലൂക്കുകളില്‍ പൂര്‍ണമായി നിര്‍മാണ നിരോധനം ഉണ്ടായിരുന്നു. ഇത് സര്‍ക്കാര്‍ ഇടപെട്ട് മാറ്റി. പകരം ഗാര്‍ഹിക ആവശ്യത്തിനും കൃഷി ആവശ്യത്തിനും എന്‍ഒസി മൂലം നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ അനുമതി നല്‍കി. ഇതിന്റെ മറവിലാണ് വ്യാപകമായി അനധികൃത നിര്‍മാണങ്ങള്‍ നടന്നത്. എന്‍ഒസി നല്‍കാനുള്ള ചുമതല വില്ലേജ് ഓഫിസര്‍മാര്‍ക്ക് നല്‍കിയിരുന്നു.അഞ്ച് മാസമായിരുന്നു ഇതിന്റെ കാലാവധി.
ഈ കാലയളവില്‍ നിരവധി എന്‍ഒസികളാണ് നല്‍കിയത്. വാണിജ്യ ആവശ്യത്തിന് പള്ളിവാസലില്‍ അടക്കം നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നുണ്ട്. ഇടുക്കിയില്‍ 1500 സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് അനുമതിയില്ല. എന്നാല്‍ 2000ല്‍ അധികം സ്‌ക്വയര്‍ ഫീറ്റുള്ള നിര്‍മാണങ്ങള്‍ക്കും അനുമതി നല്‍കിയിരുന്നു.