ബംഗാളില്‍ ഒരു ബിജെപി എംഎല്‍എകൂടി തൃണമൂലിലേക്ക്

Update: 2021-09-04 14:49 GMT

കൊല്‍ക്കത്ത: ബംഗാളിലെ ബിജെപി എംഎല്‍മാരുടെ തൃണമൂലിലേക്കുള്ള ഒഴുക്ക് തുടരുന്നു. ഇന്ന് ഒരു ബിജെപി എംഎല്‍എകൂടി തൃണമൂലില്‍ ചേര്‍ന്നു. കാലിയഗഞ്ച് മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മല്‍സരിച്ച് ജയിച്ച സൗമന്‍ റോയിയാണ് ശനിയാഴ്ച തൃണമൂലില്‍ ചേര്‍ന്നത്. ഇതോടെ ബിജെപി വിട്ട് തൃണമൂലില്‍ ചേക്കേറുന്ന എംഎല്‍എമാരുടെ എണ്ണം നാലായി.

പാര്‍ട്ടി പ്രസിഡന്റ് പാര്‍ത്ഥ ചാറ്റര്‍ജിയുടെ സാന്നിധ്യത്തിലായിരുന്നു സൗമന്‍ റോയിയുടെ പാര്‍ട്ടി പ്രവേശം. താന്‍ ബിജെപിയില്‍ സംതൃപ്തനായിരുന്നില്ലെന്നും മമതയുടെ നേതൃത്വത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ തനിക്ക് പങ്കുകൊള്ളേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുമ്പ് തൃണമൂലില്‍ നിന്ന് ബിജെപിയില്‍ ചേക്കേറിയവരില്‍ ഒരാളാണ് സൗമന്‍ റോയി.

ബിജെപിയിലേക്ക് പോയെങ്കിലും എന്റെ മനസ്സും ആത്മാവും തൃണമൂലിനൊപ്പമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയത്തോട് താന്‍ ഒരു തരത്തിലും യോജിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി വിടുന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി പ്രതികരിച്ചു.

ബിജെപി എംഎല്‍എ ബിശ്വജിത് ദാസ്, തന്‍മോയി ഘോഷ്, മുകുള്‍ റോയി എന്നിവരാണ് നേരത്തെ ബിജെപിയില്‍ നിന്ന് തൃണമൂലിലെത്തിയവര്‍.  

Tags:    

Similar News