വീട്ടില്‍ കക്കൂസുണ്ടെന്ന് നുണ പറഞ്ഞ ബിജെപി കൗണ്‍സിലര്‍ക്കെതിരെ അന്വേഷണം

Update: 2025-03-19 13:36 GMT

അഹമദാബാദ്: വീട്ടില്‍ കക്കൂസുണ്ടെന്ന് നുണപറഞ്ഞ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിച്ച ബിജെപി കൗണ്‍സിലര്‍ക്കെതിരേ അന്വേഷണം. സ്വന്തം വീട്ടില്‍ പ്രവര്‍ത്തനക്ഷമമായ കക്കൂസുള്ളവര്‍ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മല്‍സരിക്കാവൂയെന്ന 2015ലെ നിയമം ലംഘിച്ചു എന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ദഹോദ് ജില്ലയിലെ ജലോദ് മുന്‍സിപ്പാലിറ്റിയിലെ കൗണ്‍സിലറായ അമൈന സുഖ്‌റാം മലിവാദിനെതിരെയാണ് അന്വേഷണം. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിച്ചത്. എന്നാല്‍, ഇവരുടെ വീട്ടില്‍ പ്രവര്‍ത്തനക്ഷമമായ കക്കൂസില്ലെന്ന് ചൂണ്ടിക്കാട്ടി എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന ലീല ഗാരസ്യ മുന്‍സിപ്പിലാറ്റിയില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് എ കെ ഭാട്ടിയ പറഞ്ഞു.